ചോറ്റാനിക്കര: ഭാര്യയും കുട്ടിയുമായി കാറിൽ വന്നയാൾ കടയിൽ കയറി സാധനങ്ങൾ വാങ്ങുന്നതിനിടെ മദ്യപൻ കാറുമായി കടന്നു. ഒടുവിൽ ട്രാൻസ്ഫോർമറിൽ കാർ ഇടിച്ചുനിന്നു.
നിർത്തിയിട്ട കാറിൽ വീട്ടമ്മയും കുട്ടിയും ഇരിക്കുന്പോഴാണ് മദ്യപൻ ചാടിക്കറി വാഹനം ഓടിച്ചത്. അപരിചിതൻ തങ്ങളുടെ വാഹനത്തിനുള്ളിലേക്ക് കയറി വാഹനം സ്റ്റാർട്ടാക്കി ഓടിക്കാൻ തുടങ്ങിയതോടെ പരിഭ്രമത്തിലായ വീട്ടമ്മയും കുട്ടിയും ഒച്ചവച്ചു.
ഇതോടെ വെപ്രാളത്തിലായ മദ്യപൻ ഓടിച്ച കാർ പലയിടത്തും ഇടിപ്പിച്ചു.ഒടുവിൽ വീട്ടമ്മ സ്റ്റിയറിംഗിൽ കയറി പിടിച്ചതോടെ കാർ വഴിയരികിൽ പാൻ മസാല വിൽക്കുന്ന വണ്ടിയിൽ ഇടിച്ചു തെറിപ്പിച്ച ശേഷം സമീപത്തെ ട്രാൻഫോർമറിൽ ഇടിച്ചു നിന്നു.
തുടർന്ന് നാട്ടുകാർ മദ്യപനെ പിടികൂടി പോലീസിൽ എൽപ്പിക്കുകയായിരുന്നു. ചോറ്റാനിക്കര പൂച്ചക്കുടിക്കവല അരിമ്പൂർ വീട്ടിൽ ആഷ്ലി (53) യാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാത്രിയാണ് ചോറ്റാനിക്കര ലൗ ലാൻഡ് ബാറിനടുത്ത് നിർത്തിയിട്ട കാറിൽ മദ്യപൻ കയറി ഓടിച്ചത്. ഭാര്യയും കുട്ടിയുമായി വന്ന ചോറ്റാനിക്കര സ്വദേശി കടയിൽ സാധനങ്ങൾ വാങ്ങാൻ കാർ നിർത്തിയിട്ട് ഇറങ്ങിയ സമയത്താണ് മദ്യപൻ ആ വഴി വന്നത്.
പെട്ടെന്ന് തിരിച്ചു വരാമെന്ന കണക്കുകൂട്ടലിൽ കാറിന്റെ താക്കോൽ ഉടമസ്ഥൻ എടുക്കാതിരുന്നതാണ് കുടുംബത്തിന് വിനയായത്.
കാറിൽ ചാടിക്കയറിയ മദ്യപൻ വണ്ടി ഓടിച്ച് ബൈപാസ് കടന്ന് കെഎസ്ഇബി ഓഫീസിനു മുന്നിലെത്തിയപ്പോഴാണ് ഇടിച്ചു നിന്നത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചോറ്റാനിക്കര പോലീസ് ആളെ കൈയോടെ പിടികൂടി. വാഹനം നിർത്തിക്കാനുള്ള ശ്രമത്തിനിടയിൽ വീട്ടമ്മയുടെ കൈക്ക് ചെറിയ പരിക്കുണ്ട്.