കോന്നി: ഗൂഗിള്‍ മാപ്പിട്ട് കാനനപാതയിലൂടെ സഞ്ചരിച്ച് കാട്ടാനക്കൂട്ടത്തിന്റെ മുമ്പിലകപ്പെട്ട അച്ഛനും മകളും രക്ഷപെട്ടത് തലനാരിഴയ്ക്ക്.
കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനില്‍ ചെന്നിരവിള പുത്തന്‍വീട്ടില്‍ നവാസ്(52), മകള്‍ നെഹില(16) എന്നിവരാണ് ഇന്നലെ കോന്നി – കല്ലേലി – അച്ചന്‍കോവില്‍ പാതയില്‍ കാട്ടാനക്കൂട്ടത്തിന്റെ മുമ്പില്‍പെട്ടത്.
അച്ചന്‍കോവില്‍ സ്കൂളിലേക്കു പോകുകയായിരുന്നു നെഹില. കരുനാഗപ്പള്ളി സ്വദേശികളായ ഇവര്‍ക്ക് വഴി നിശ്ചയമില്ലായിരുന്നു.
ഗൂഗിളില്‍ പരതിയപ്പോള്‍ ദൈര്‍ഘ്യം കുറഞ്ഞ പാതയെന്ന നിലയിലാണ് കോന്നി – അച്ചന്‍കോവില്‍ പാത ശ്രദ്ധിക്കപ്പെട്ടത്.
ഈ റൂട്ടിലൂടെ യാത്ര ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ചെക്ക് പോസ്റ്റിലൂടെയാണ് പാതയിലേക്ക് കയറിയതെങ്കിലും അപകട സാധ്യത ആരും ബോധ്യപ്പെടുത്തിയില്ലെന്ന് നവാസും മകളും പറയുന്നു. പാതയില്‍ 12 കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് സംഭവം,
സംഭവം ഇങ്ങനെ: അച്ചന്‍കോവില്‍ സ്കൂളിലേക്കു പ്ലസ് വണ്‍ പ്രവേശനം സംബന്ധമായ ആവശ്യത്തിന് അച്ഛനൊപ്പം ബൈക്കില്‍ പോകുകയായിരുന്നുവെന്ന് നെഹില പറയുന്നു.
ഗൂഗിള്‍ മാപ്പുനോക്കി കോന്നി- അച്ചന്‍കോവില്‍ റോഡിലൂടെയാണ് സഞ്ചരിച്ചത്. വനപാതയില്‍ അപ്രതീക്ഷിതമായി കാട്ടാനക്കൂട്ടത്തിനു മുന്നിലകപ്പെടുകയായിരുന്നു. വളവ് തിരിഞ്ഞെത്തിയപ്പോള്‍ വനത്തില്‍നിന്ന് കാട്ടാനകള്‍ പെട്ടെന്ന് റോഡിലേക്ക് എത്തി.
ബൈക്ക് നിര്‍ത്തുമ്പോഴേക്കും ആന ബൈക്കില്‍ തട്ടിയിരുന്നു. അതോടെ നവാസ് ബൈക്കിനടിയിലേക്ക് വീണു. താന്‍ ഓടി പിന്നിലേക്ക് മാറി. കാല് ബൈക്കിനടിയില്‍ കുടുങ്ങിയതിനാല്‍ വാപ്പയ്ക്ക് ഓടാന്‍ കഴിഞ്ഞില്ല.
പാഞ്ഞടുത്ത ആന ബൈക്ക് കുത്തിനിരക്കി. ബൈക്കിനടിയില്‍പെട്ട നവാസിനെ ആക്രമിക്കുകയും ഹെല്‍മറ്റ് തട്ടിത്തെേറിപ്പിക്കുകയും ചെയ്തു.
തങ്ങളുടെ മുന്നില്‍ ഉണ്ടായിരുന്ന ബൈക്ക് യാത്രക്കാരനായ സിബി ശങ്കു എന്നയാള്‍ വാഹനം നിര്‍ത്തി അലറി വിളിച്ചു. ഇതോടെ ആശ്വാസമായി.
ആന സിബിക്കു നേരെ തിരിഞ്ഞതും താന്‍ ബൈക്ക് നിരക്കിമാറ്റി വാപ്പയെ എഴുന്നേല്പിച്ചതായി നെഹില പറഞ്ഞു. ഇതിനിടയില്‍ മറ്റൊരാനയും ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.
പരിക്കേറ്റ വാപ്പയെ സിബിയുടെ ബൈക്കിന്റെ പിന്നിലിരുത്തി മൂന്നുകിലോമീറ്ററോളം കൊണ്ടുപോയശേഷം അച്ചന്‍കോവില്‍ സ്റ്റേഷനിലേക്ക് വിവരം അറിയിച്ചു.
അവിടെ നിന്ന് വാഹനത്തില്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ച പ്രഥമശുശ്രൂഷ നല്കി. പിന്നീട് പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.
കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് അച്ഛനും മകളും രക്ഷപെട്ടത് ഭാഗ്യംകൊണ്ടാണന്ന് അപകടത്തിന് ദൃക്സാക്ഷിയായ സിബി പറയുന്നു. അച്ചന്‍കോവിലിന് 20 കിലോമീറ്റര്‍ ദൂരെയാണു സംഭവം.