പൊൻകുന്നം: റിട്ടയേർഡ് അധ്യാപികയുടെ വീട്ടിൽനിന്നു മൂന്നുലക്ഷം രൂപ മോഷ്ടിച്ച കേസിൽ കൂലിപ്പണിക്കു പതിവായി എത്തിയിരുന്ന അയൽവാസി അറസ്റ്റിൽ.
ചിറക്കടവ് പറപ്പള്ളിത്താഴെ കുഴിമറ്റത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കെ.ആർ. രാജേഷി (രാജൻ-53)നെയാണു പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.
ചിറക്കടവ് മണക്കാട്ട് അന്പലത്തിന് സമീപം പോറട്ടൂർ ചെല്ലമ്മയുടെ വീട്ടിലാണ് മോഷണം നടത്തിയത്. 84കാരിയായ ഇവർ ഒറ്റയ്ക്കു താമസിക്കുകയായിരുന്നു.
ഇവരുടെ കിടപ്പുമുറിയിൽ ബക്കറ്റിനുള്ളിൽ സൂക്ഷിച്ചിരുന്ന പണമാണ് രാജേഷ് മോഷ്ടിച്ചത്. ഇയാൾ പതിവായി ചെല്ലമ്മയുടെ പക്കൽനിന്നു പണം കടം വാങ്ങിയിരുന്നു.
കഴിഞ്ഞ ദിവസം പണം ചോദിച്ചപ്പോൾ നൽകിയില്ല. ഇതേത്തുടർന്നാണു പണം സൂക്ഷിക്കുന്നത് ബക്കറ്റിലാണെന്ന് ബോധ്യമുള്ള ഇയാൾ മുറിയിൽ കയറി കൈക്കലാക്കിയത്.
ഇയാൾ ഏറെ നേരം വീട്ടിനുള്ളിൽ ഇരിക്കുകയും ചെല്ലമ്മ അടുക്കളയിലേക്കു പോയ തക്കം നോക്കി പണമെടുത്ത് ഓടുകയുമായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട ചെല്ലമ്മ പൊൻകുന്നം പോലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് അറസ്റ്റ്. വിരലടയാള വിദഗ്ധർ തെളിവു ശേഖരിച്ചു.
മൂന്നു ലക്ഷം രൂപ രാജേഷിന്റെ വീട്ടിൽനിന്ന് പോലീസ് കണ്ടെടുത്തു.പൊൻകുന്നം എസ്എച്ച്ഒ എൻ. രാജേഷ്, എസ്ഐ റെജിലാൽ, എഎസ്ഐ പി.എസ്. അംസു, സീനിയർ സിപിഒമാരായ റിച്ചാർഡ്, ഷാജി ചാക്കോ, കെ. ബിവിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.