പാലാ: സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ ദേശീയപതാക ഹർ ഘർ തിരംഗ പരിപാടിയുടെ ഭാഗമായി രാജ്യത്തെ എല്ലാ വീടുകളിലും ഉയർത്തുന്പോൾ പാലാ സ്വദേശി എബി ജെ. ജോസിനും ആഹ്ലാദ നിമിഷമാണ്.
കാൽ നൂറ്റാണ്ടിലേറെയായി ദേശീയപതാകയുടെ മഹത്വം ഉയർത്താൻ പോരാട്ടത്തിലാണ് മഹാത്മാഗാന്ധി ഫൗണ്ടേഷൻ ചെയർമാൻകൂടിയായ എബി. അഭിഭാഷകനല്ലെങ്കിലും ഈ പോരാട്ടത്തിനിടയിൽ കേരള ഹൈക്കോടതിയിൽ വാദിച്ച ചരിത്രവും എബിക്കു സ്വന്തം. 1999ൽ ആയിരുന്നു ആ സംഭവം.
വിവിധ സ്ഥലങ്ങളിൽ നിയമവിരുദ്ധമായും അവഹേളനപരമായും ദേശീയപതാക ഉപയോഗിക്കുന്നത് എബിയുടെ ശ്രദ്ധയിൽപ്പെട്ടു. ഇവയെല്ലാം ശേഖരിച്ചു.
തുടർന്നു നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു 1999ൽ കേരള ഹൈക്കോടതിക്കു കത്തയച്ചു. അന്നത്തെ ചീഫ് ജസ്റ്റീസ് ആയിരുന്ന ജസ്റ്റീസ് എ.ആർ. ലക്ഷ്മണൻ കത്ത് റിട്ട് ഹർജിയായി പരിഗണിച്ചു.
തുടർന്നു ജസ്റ്റീസ് കെ. രാധാകൃഷ്ണന്റെ ബഞ്ചിനു കൈമാറി. ചേംബറിനടുത്ത് എത്തിയപ്പോൾ ആരാണെന്നു ജഡ്ജി ചോദിച്ചു. താനാണ് പരാതി അയച്ചതെന്നും കൂടുതൽ തെളിവുകൾ ഉണ്ടെന്നു പറഞ്ഞു ഫയൽ ഉയർത്തിക്കാട്ടി.
ഫയൽ നോക്കിയ ശേഷം ജസ്റ്റീസ് കെ. രാധാകൃഷ്ണൻ സർക്കാർ അഭിഭാഷകനായ കെ. ഗോപാലകൃഷ്ണക്കുറുപ്പിനോടു സർക്കാർവാദം ചോദിച്ചു. പരാതിക്കാരൻ പറഞ്ഞതു പൂർണമായും ശരിയാണെന്ന് അദ്ദേഹം മറുപടി നൽകി.
രണ്ടാഴ്ചയ്ക്കു ശേഷം ഓഗസ്റ്റ് 11ന് ചരിത്രപരമായ വിധി വന്നു. ദേശീയപതാകയെക്കുറിച്ചു ബോധവത്കരണം നടത്താൻ സർക്കാരുകളോടു കോടതി നിർദേശിച്ചു.
എബി ജെ. ജോസ് വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ എന്ന തലക്കെട്ടിൽ ഈ വിധി പ്രധാനപ്പെട്ട വിധികളുടെകൂടെ വിവിധ നിയമ പുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പാലാ കൊച്ചിടപ്പാടി മൂലയിൽതോട്ടത്തിൽ റിട്ടയേർഡ് എയർഫോഴ്സ് ഉദ്യോഗസ്ഥൻ ബേബി ജോസഫിന്റെ പുത്രനാണ്. ഭാര്യ സിന്ധു തദ്ദേശസ്വയംഭരണ വകുപ്പിൽ ഉദ്യോഗസ്ഥ. ലിയ, ദിയ, ഇവാന, ജോസഫ്, കാതറീൻ എന്നിവരാണ് മക്കൾ.