കൊച്ചി: എറണാകുളം നോർത്തിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതി മുളവുകാട് സ്വദേശി സുരേഷ് മൊബൈൽ ഫോണ് ഉപയോഗിക്കാത്തത് മൂലം ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് തടസമാകുന്നു.
സംഭവത്തിനു ശേഷം ഒളിവിൽ പോയ ഇയാൾക്കായി എറണാകുളം സെൻട്രൽ പോലീസ് അന്വേഷണം ഊർജിതമാക്കിയെങ്കിലും പ്രതി ഇപ്പോഴും കാണാമറയത്ത് തന്നെയാണ്.
സംഭവത്തിനുശേഷം ഇയാൾ ട്രെയിൻ മാർഗം രക്ഷപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.ബുധനാഴ്ച രാത്രി ഒന്പതോടെയായിരുന്നു നോർത്ത് പാലത്തിന് അടിവശം ആനന്ദ് ബിഹാർ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും കൊലപാതകത്തിൽ കലാശിക്കുകയും ചെയ്തത്.
കൊല്ലം നീണ്ടകര മേരി ലാൻഡിൽ എഡിസണ്(35) ആണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. അപരിചിതരായ ഇരുവരും തമ്മിൽ ഭക്ഷണം കഴിക്കുന്നതിനിടെ വാക്കുതർക്കമുണ്ടാവുകയും പ്രതി കൈയിലുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടിച്ച് എഡിസണിന്റെ കഴുത്തിൽ കുത്തുകയുമായിരുന്നു.
കുത്തേറ്റ എഡിസണ് ഹോട്ടലിന് പുറത്തേക്കിറങ്ങിയെങ്കിലും കുഴഞ്ഞു വീണു. 10 മിനിറ്റോളം ഹോട്ടലിനു മുന്പിൽ ഇയാൾ രക്തം വാർന്നു കിടന്നു.
സംഭവശേഷം സമീപത്തെ ലോഡ്ജിലേക്ക് ഓടിക്കയറിയ പ്രതി തന്റെ സാധനങ്ങളുമെടുത്ത് രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ പോലീസ് മുറി പരിശോധിച്ചപ്പോൾ കിട്ടിയ ആധാർ കാർഡിൽനിന്നാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
കഴിഞ്ഞ ഡിസംബറിൽ പൊന്നാരിമംഗലം ടോൾ പ്ലാസയ്ക്ക് സമീപം ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച് സ്വർണവും പണവും കവർന്ന കേസിൽ സുരേഷ് ജയിൽ ശിക്ഷയ്ക്കു ശേഷം അടുത്തിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്.