വൈക്കം: രാത്രി മദ്യപിച്ചെത്തി ഭാര്യയോട് മോശമായി സംസാരിച്ചതിന്റെ വിരോധത്തിൽ ഭർത്താവ് അയൽക്കാരനായ പൂജാരിയെ വെട്ടി പരിക്കേൽപിച്ചു.
വൈക്കം ചെന്പ് മുറിഞ്ഞപുഴ സ്വദേശി വിസ്മയി(23)നെയാണ് വെട്ടി പരിക്കേൽപിച്ചത്. ഇന്നലെ പുലർച്ചെ അഞ്ചിനായിരുന്നു ആക്രമണം.
പറവൂരിലെ ക്ഷേത്രത്തിലെ പൂജാരിയായ യുവാവ് പുലർച്ചെ ക്ഷേത്രത്തിലേക്കു പോകുന്നതിന് വരികയായിരുന്നു. യുവതിയുടെ വീടിനു മുന്നിലെ വഴിയിലൂടെ വരുന്പോൾ യുവതിയുടെ ഫോർട്ടു കൊച്ചിക്കാരനായ ഭർത്താവ് സിൽവസ്റ്റർ ഫെർണാണ്ടസ് മറ്റൊരാൾക്കൊപ്പമെത്തി വെട്ടുകയായിരുന്നു.
തുടയ്ക്ക് പരിക്കേറ്റ യുവാവിനെ ചെമ്മനാകരി ഇൻഡോ-അമേരിക്ക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ പരിക്ക് ഗുരുതരമല്ല.
സംഭവത്തെത്തുടർന്ന് കടന്നുകളഞ്ഞ സിൽവസ്റ്റർ ഫെർണാണ്ടസിനെ സിഐ കൃഷ്ണൻപോറ്റിയുടെ നേതൃത്വത്തിൽ പോലീസ് ഫോർട്ട് കൊച്ചിയിൽ നിന്നു പിടികൂടി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സിൽവസ്റ്റർ ഫെർണാണ്ടസിന്റ കൂട്ടാളിക്കായി പോലിസ് അന്വേഷണം ഉൗർജിതമാക്കി.