കണ്ണൂരിലെ താമസിക്കാൻ സൗകര്യമുള്ള തരക്കേടില്ലാത്ത ഹോട്ടലുകളുടെ റിസപ്ഷനുകളിൽ ആളുകൾ വെയിറ്റിംഗിൽ ആണ്.
ആരെ കാണാനാണെന്ന് റിസപ്ഷനിറ്റ് ചോദിക്കുന്പോൾ ഒരാൾ വരാനുണ്ടെന്ന മറുപടിയാണ് കാത്തിരിക്കുന്നവർ നല്കുന്നത്.
മണിക്കൂറുകൾ കാത്തിരിക്കുന്പോൾ വീണ്ടും റിസപ്ഷനിറ്റ് ചോദിക്കും..സാർ, കാണാനുള്ളയാൾ വന്നില്ലേയെന്ന്.
ഇല്ലെന്ന്..മറുപടി പറഞ്ഞുകൊണ്ട് അയാൾ മെല്ലെ ഫോണും ചെവിയിൽ വച്ച് പുറത്തിറങ്ങും…പിന്നെ, ഇയാളെ കാണാതാകും.
പയ്യാന്പലത്തെ ഹോട്ടലിൽ
കണ്ണൂർ നഗരത്തിലെ പല ഹോട്ടലുകളിലും ഇത്തരം സംഭവങ്ങൾ അരങ്ങേറിയപ്പോൾ രാഷ്ട്രദീപികയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയപ്പോഴാണ് ഉഡായിപ്പ് തട്ടിപ്പിന്റെ കാര്യങ്ങൾ അറിഞ്ഞു തുടങ്ങിയത്.
പയ്യാന്പലം ബീച്ചിനടുത്ത് ഒരു ഹോട്ടലിന്റെ റിസപ്ഷനിലും സുമുഖനായ ഒരു വ്യക്തി എത്തി. പതിവുപോലെ റിസപ്ഷനിസ്റ്റിന്റെ ചോദ്യവും എത്തി.
എന്താണ് സർ വേണ്ടെതെന്ന്..മുഖത്ത് അൽപം ചമ്മലോടെ, ഒരാളെ കാത്തു നിൽക്കുകയാണെന്നും പറഞ്ഞു.മിനിറ്റുകളും മണിക്കൂറുകളും കഴിഞ്ഞു..അവസാനം ക്ഷമകെട്ട് കാത്തു നിന്ന ആൾ റിസപ്ഷനിസ്റ്റിനോട് ചോദിച്ചു.
106 ാം നന്പർ റൂമിലെ ആൾ പുറത്ത് പോയിട്ട് വന്നോയെന്ന്. സർ, ഇവിടെ അങ്ങനെ ഒരു റൂം ഇല്ലല്ലോ എന്നായി റിസപ്ഷനിറ്റിന്റെ മറുപടി.
ഇതോടെ, സുമുഖൻ ഒന്ന് ചമ്മി..ഇതിനിടയിലാണ് മാനേജർ വന്നത്. എന്താ കാര്യമെന്ന് ചോദിച്ചപ്പോൾ..അയാൾ നടന്ന കാര്യം അങ്ങ് പറയുകയും ചെയ്തു.
സുമുഖൻ പറഞ്ഞത് കേട്ട് മാനേജർ ഞെട്ടി !
വാട്സാപ്പിൽ വന്ന ഒരു സന്ദേശമാണ് സുമുഖനെ ഹോട്ടലിന്റെ റിസപ്ഷനിൽ എത്തിച്ചത്. കണ്ണൂരിൽ യുവതികളെ റൂം സൗകര്യത്തോടുകൂടി ലഭ്യമാണ്. ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലുമായിരുന്നു പരസ്യം.
ഇഷ്ടൻ അതിൽ കയറി ഒന്ന് ക്ലിക്ക് ചെയ്തു. പെട്ടെന്ന് ഒരു വാട്സാപ്പ് ഗ്രൂപ്പിലേക്ക് ആഡ് ചെയ്യപ്പെട്ടു. ഉടൻ തന്നെ ഫോണിലേക്ക് പെൺകുട്ടികളുടെ ചിത്രങ്ങളും.
ഇഷ്പ്പെട്ട ഒരു പെൺകുട്ടിയുടെ ചിത്രം തെരഞ്ഞെടുത്ത് അയച്ചു കൊടുത്തു. ഉടൻ തന്നെ റേറ്റും മറ്റ് വിവരങ്ങളും അയച്ചു നല്കി.
ഒപ്പം ആയിരം രൂപ അഡ്വാൻസും ബാക്കി പിന്നീടെന്ന്… പോയാൽ ആയിരം അല്ലെയെന്ന് കരുതി താഴെ കൊടുത്ത ഗൂഗിൾ പേ നന്പരിലേക്ക് ആയിരം അയച്ചു കൊടുക്കുകയും ചെയ്തു.
തുടർന്ന്, ഹോട്ടലിന്റെ വിലാസവും റൂം നന്പരും അടക്കം അയച്ചു കൊടുക്കുകയും ചെയ്തു. ഹോട്ടലിന്റെ റിസപ്ഷനിൽ ചെന്നതിന് ശേഷം സന്ദേശം അയച്ചാൽ ഉടൻ പെൺകുട്ടി എത്തുമെന്നും വാട്സാപ്പ് സന്ദേശത്തിലൂടെ പറഞ്ഞു.
അങ്ങനെയാണ്..സുമുഖൻ ഈ ഹോട്ടലിന്റെ റിസപ്ഷനിൽ എത്തിയത്. ഹോട്ടലുകാർ പരസ്പരം ഇക്കാര്യം പറഞ്ഞപ്പോഴാണ് ഇങ്ങനെ പലരും പല ഹോട്ടലിന്റെയും റിസപ്ഷനിൽ കാത്തു നിൽക്കുന്ന വിവരം അറിഞ്ഞത്.
പോലീസിനോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, പെണ്ണിന്റെ പേരിൽ നടക്കുന്ന തട്ടിപ്പ് ഇപ്പോൾ കണ്ണൂരിൽ വ്യാപകമായിരിക്കുകയാണ്.
മാനം പോകുമെന്ന ഭയത്താൽ ആരും പരാതിപ്പെടാൻ തയാറാകാത്തതും തട്ടിപ്പുകാർക്ക് കുശാൽ ആയിരിക്കുകയാണ്.