കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ കൊലക്കേസ് പ്രതി രക്ഷപ്പെട്ടു. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി നറുകര ഉതുവേലി കുണ്ടുപറമ്പില്‍ വിനീഷാണ് (23) രക്ഷപ്പെട്ടത്.
മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് മൂന്നു ദിവസം മുന്‍പാണ് ഇയാളെ കുതിരവട്ടത്ത് എത്തിച്ചത്.
റിമാന്‍ഡിലിരിക്കെ പ്രതി നേരത്തേ ആത്മഹത്യാശ്രമം നടത്തിയിരുന്നു. കൊതുകുതിരി കഴിച്ചാണ് അന്ന് വിനീഷ് ആത്മഹത്യാശ്രമം നടത്തിയത്. അവശനിലയിലായ വിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
2021 ജൂണില്‍ ഏലംകുളം എളാട് കൂഴന്തറ ചെമ്മാട്ടില്‍ സി.കെ.ബാലചന്ദ്രന്റെ മകള്‍ ദൃശ്യയെ (21) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിനീഷ്.
വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ ദൃശ്യയെ കിടപ്പുമുറിയില്‍ കയറി പ്രതി കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
ഒറ്റപ്പാലം ലക്കിടി നെഹ്റു അക്കാദമി ഓഫ് ലോ കോളജിലെ മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിനിയായിരുന്നു കൊല്ലപ്പെട്ട ദൃശ്യ.
യുവതിയുടെ പിതാവിന്റെ കട കത്തിച്ച ശേഷമാണ് പിറ്റേന്ന് രാവിലെ വീട്ടിലെത്തി ദൃശ്യയെ വിനീഷ് ആക്രമിച്ചത്.
കൊലപാതകത്തിനു മൂന്ന് മാസം മുന്‍പ് വിനീഷ് ദൃശ്യയുടെ വീട്ടിലെത്തി വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു.
ഇതു നിരസിച്ച കുടുംബം വിനീഷിനെതിരേ പോലീസില്‍ പരാതി നല്കി. ഈ കേസില്‍ പോലീസ് വിനീഷിനെ താക്കീതു ചെയ്ത് വിട്ടയച്ചു. ഇതിന് പിന്നാലെയായിരുന്നു കൊലപാതകം.