ചേർപ്പ്: വില്പനയ്ക്കെന്ന പരസ്യം കണ്ട് ആഡംബര ബൈക്ക് വാങ്ങാനെന്ന വ്യാജേന വന്ന് ബൈക്കുമായി കടന്നുകളഞ്ഞ യുവാവിനെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ട മലയാലപ്പുഴ സ്വദേശി വിഷ്ണു വിൽസനെയാണ് (24) ചേർപ്പ് പോലീസ് ഇൻസ്പെക്ടർ ടി.വി. ഷിബുവിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ജൂണ്‍ മാസത്തിലാണു പരസ്യം കണ്ട് യുവാവ് പാലയ്ക്കലിലെ സുഹൃത്തിനൊപ്പം വാഹനം വാങ്ങുന്നതിനായി കോടന്നൂർ സ്വദേശി ശ്യാം ചന്ദ്രബാബുവിനെ സമീപിച്ചത്.
ബൈക്ക് വില പറഞ്ഞുറപ്പിച്ച് ബൈക്കിന്റെ കാര്യക്ഷമത പരിശോധിക്കാനെന്ന വ്യാജേന ഓടിച്ചു നോക്കുവാൻ വാങ്ങി ബൈക്കുമായി പോകുകയായിരുന്നു.
ഏറെ നേരം കാത്തിരുന്നിട്ടും തിരിച്ചെത്താത്തതിനെ തുടർന്നാണ് ഇരുവരും ചതിക്കപ്പെട്ടതായി അറിയുന്നത്. തുടർന്ന് ഇവർ സ്ഥലത്ത് തെരച്ചിൽ നടത്തിയെങ്കിലും പ്രതിയേയും ബൈക്കും കണ്ടെത്താനായില്ല. തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു.
പത്തനംതിട്ടയിൽ വാഹന മോഷണത്തിനും മലയാലപ്പുഴയിൽ അടിപിടി കേസിലും പ്രതിയായ വിഷ്ണു വിൽസൻ തൃക്കാക്കരയിൽ വീട്ടിൽ അതിക്രമിച്ചു കയറി വയോധികയുടെ സ്വർണം കവർന്ന കേസിലും പ്രതിയാണ്.
മൂവാറ്റുപുഴയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇരുനില വീട് വളഞ്ഞാണു പ്രതിയെ പോലീസ് സാഹസികമായി പിടികൂടിയത്. ഇയാളിൽ നിന്ന് ബൈക്ക് കണ്ടെടുത്തു.
ചേർപ്പ് എസ്ഐ ജെ. ജെയ്സണ്‍, എഎസ്ഐമാരായ മുഹമ്മദ് അഷറഫ്, കെ.എസ്. ഗിരീഷ്, സീനിയർ സിപിഒ ഇ.എസ്. ജീവൻ, സോ ണി സേവ്യർ, സിപിഒ കെ.എസ്. ഉമേഷ്, കെ.എസ്. സുനിൽകുമാർ എന്നിവരടങ്ങിയ പോലീസ് സംഘമാണു പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.