അരിന്പൂർ: കുന്നത്തങ്ങാടി സെന്ററിൽ നിന്നും 1.100 കിലോ ഗ്രാം കഞ്ചാവുമായി യുവാവിനെ അന്തിക്കാട് എക്സൈസ് ഇൻസ്പെക്ടർ പി.എം. പ്രവീണും സംഘവും അറസ്റ്റ് ചെയ്തു.
നാലാംകല്ല് തേവർക്കാട്ടിൽ അനൂപ് (29) ആണ് പിടിയിലായത്. ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ചുള്ള പരിശോധനയിലാണു കഞ്ചാവു പിടികൂടിയത്.
അറസ്റ്റിലായ അനൂപ് പാലക്കാടുവച്ച് രണ്ടു കിലോഗ്രാം കഞ്ചാവു കടത്തിയ കേസിൽ റിമാൻഡിലായ ശേഷം ജാമ്യത്തിൽ ഇറങ്ങിയതാണ്.
ചില്ലറ വില്പനയ്ക്കായാണ് അനൂപ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ന് ബിവറേജസ് മുടക്കമായതിനാൽ നല്ല ലാഭത്തിന് കഞ്ചാവ് വിൽക്കാനായിരുന്നു പ്രതിയുടെ ഉദ്ദേശമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ കെ.എം. സജീവ്, കെ.ആർ. ഹരിദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ. വിജയൻ, എ.ഡി. ബിജു, എം.എൻ. നിഷ, വി.പി. പ്രിയ എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.