നെടുമങ്ങാട്: പോലീസിനെ കണ്ട് പോക്സോ കേസ് പ്രതി കിണറ്റിൽ ചാടി. നെടുമങ്ങാട് അരശുപറമ്പ് സ്വദേശിയായ ജിബിൻ ആണ് കിണറ്റിൽ ചാടിയത്.
ഇന്നലെവൈകുന്നേരം 6.15 ന് ആണ് സംഭവം. പോക്സോ കേസ് കൂടാതെ എട്ടോളം കേസുകളിലെ പ്രതിയാണ് ജിബിൻ.
മോഷണം , കഞ്ചാവ് എന്നീ കേസുകൾ ഉണ്ട്. 2021-ൽ ആണ് ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ ആയത്.
എന്നാൽ പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ ജിബിൻ കോടതിയിൽ വിചാരണയ്ക്ക് ഹാജരായില്ല. തുടർന്ന് തിരുവനന്തപുരം അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജ് പോക്സോ കോടതി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചു.
നെടുമങ്ങാട് സി ഐയ്ക്കും കോടതി നോട്ടീസ് അയച്ചു തുടർന്ന് നെടുമങ്ങാട് പോലീസ് മഫ്തിയിൽ ജിബിന്റെ വീട്ടിൽ എത്തിയതും പോലീസിനെ കണ്ട് ജിബിൻ ഓടി.
ഒരു മതിൽ ചാടി വീണത് 10 അടിയോളം താഴ്ചയുള്ള കിണറ്റിൽ ആയിരുന്നു. എന്നാൽ ജിബിൻ തന്നെ സ്വമേധയാ കരയ്ക്ക് കയറി കിണറ്റിന്റെ പാലത്തിൽ ഇരുന്നു കൊണ്ട് വീണ്ടും കിണറ്റിൽ ചാടുമെന്ന് ഭീഷണി മുഴക്കി.
തുടർന്ന് പോലീസ് അനുനയിപ്പിച്ച് ജില്ലാ ആശുപത്രിയിൽ എത്തിച്ച് ചികിത്സ തേടി. ജിബിന്റെ കാലിൽ ചെറിയ പോറൽ ഉണ്ട്. നെടുമങ്ങാട് പോലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും