കോട്ടയം: എൻസിസി കോട്ടയം ഗ്രൂപ്പ് കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം, ചാലപ്പറന്പ്, സംസ്കൃതിയിൽ ബ്രിഗേഡിയർ എം. നരേന്ദ്രനാഥ് സാജൻ (എം.എൻ. സാജൻ, 54) നെയാണ് തൂങ്ങിമരിച്ചനിലയിൽ യൂണിഫോം മാറ്റുന്നതിനുള്ള ഗസ്റ്റ് റൂമിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ 10.30 നാണ് സംഭവം. പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
മരണക്കുറിപ്പ് കണ്ടെത്തിയിട്ടില്ലാത്തതിനാൽ മരണകാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.എൻസിസിയുടെ എട്ട് ബറ്റാലിയനുകളുടെ ഗ്രൂപ്പ് കമാൻഡറാണ് മരിച്ച സാജൻ.
ഒരുവർഷം മുന്പാണ് കോട്ടയം എൻസിസിയിലെത്തിയത്. ഷില്ലോങ്ങിലെ ഗുർഖ റൈഫിൾസിൽ സെൻട്രൽ കമാൻഡന്റായിരുന്നു. ഇവിടെനിന്നാണ് കോട്ടയം എൻസിസി ഗ്രൂപ്പ് കമാൻഡറായി എത്തുന്നത്. ഭാര്യ: പ്രസീദ. മക്കൾ: ഗായത്രി, പാർവതി (വിദ്യാർഥികൾ).
അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിൽ സുഹൃത്തുക്കളും ബന്ധുക്കളും
വൈക്കം: തിരക്കുകളിൽനിന്നൊഴിഞ്ഞ് ഭാര്യയും മക്കളുമായി ശാന്തമായി കഴിയണമെന്ന ആഗ്രഹത്തിലാണ് ബ്രിഗേഡിയർ എസ്. നരേന്ദ്രനാഥ് സാജൻ ഒന്നരവർഷം മുന്പ് ജന്മനാട്ടിലേക്ക് മടങ്ങിവന്നത്.
വളരെ സ്നേഹത്തോടെ ഇടപെട്ടിരുന്ന അദ്ദേഹത്തെ വലിയ സൈനിക ഉദ്യോഗസ്ഥന്റെ തലക്കനമില്ലാതിരുന്നതിനാൽ നാട്ടുകാർക്കും ഏറെ പ്രിയങ്കരനായിരുന്നു.
ഇന്നലെ മരണവാർത്ത അറിഞ്ഞപ്പോൾ ജന്മനാട്ടിലെ സുഹൃത്തുക്കൾക്കും നാട്ടുകാർക്കുമൊക്കെ അതു വലിയ ആഘാതമായി. ഇദ്ദേഹത്തെ ഓഫീസിലെ ഗസ്റ്റ് റൂമിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെ ത്തുകയായിരുന്നു.
എൻസിസി കോട്ടയം ഗ്രൂപ്പ് കമാൻഡറായി ഡെപ്യൂട്ടേഷനിൽ കോട്ടയത്ത് വന്ന അദ്ദേഹത്തിന് ഇനി ഒരു വർഷത്തിലധികമേ സർവീസുണ്ടായിരുന്നുള്ളൂ.
സൈന്യത്തിന്റെ വാഹനവും അംഗരക്ഷകരുമൊക്കെയുണ്ടായിരുന്നിട്ടും ഔദ്യോഗിക വാഹനം ഉപേക്ഷിച്ചു കെഎസ്ആർടിസി ബസിലാണ് ബ്രിഗേഡിയർ കോട്ടയത്തെ ഓഫീസിലേക്കു പോകുകയും വരികയും ചെയ്തിരുന്നത്.
ഒരു അംഗരക്ഷകനെ മാത്രം നിലനിർത്തി അദ്ദേഹത്തെ സ്വന്തം കുടുംബവീട്ടിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു.
പതിവുപോലെ ശാസ്താവിന്റെ അന്പലത്തിൽ ഭാര്യ പ്രസീതയുമൊത്ത് ഇന്നലെ രാവിലെ വന്ന് തൊഴുതുമടങ്ങുന്പോഴും അദ്ദേഹത്തിന്റെ മുഖത്ത് യാതൊരു സംഘർഷവുമുള്ളതായി തോന്നിയില്ലെന്നു നഗരസഭാ കൗണ്സിലർ ഹരിദാസൻ നായർ പറഞ്ഞു.
അദ്ദേഹവുമായി ഏറെ അടുപ്പമുള്ള റിട്ട. സൈനികൻ രാം കുമാർ ശാസ്താ ക്ഷേത്രത്തിൽ ഭാഗവത പാരായണം നടത്തുന്നുണ്ടായിരുന്നു.
ഇന്നലെ ഇരുവരും തൊഴാൻ വന്നപ്പോൾ രാംകുമാർ അകത്തിരുന്നു പാരായണത്തിലായിരുന്നതിനാൽ നേരിൽ കണ്ടില്ല. ബംഗളൂ രുവിലും തിരുവനന്തപുരത്തും പഠിക്കുന്ന മക്കളായ ഗൗരിക്കും പാർവതിക്കും ഭാര്യ പ്രസീതയ്ക്കും സഹപ്രവർത്തകർക്കും ബ്രിഗേഡിയറുടെ മരണത്തിലേക്കു നയിച്ച കാരണ ത്തെക്കുറിച്ച് അറിയില്ല.
സൈനിക സ്കൂളിൽ പഠിച്ച് ഉന്നത പദവിയിലെത്തിയ നരേന്ദ്രനാഥിന്റെ അകാലവിയോഗം ബന്ധുക്കളെയും തളർത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വൈക്കത്തെ വീട്ടിലെത്തിച്ചു. ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ സംസ്കാരം നടക്കും.