കോട്ടയം: പൂജാരിയായ 52 കാരനൊപ്പം ഒളിച്ചോടിപ്പോയി വിവാഹം ചെയ്ത 22 കാരിയെ ഇനി മകൾ എന്ന നിലയിൽ വേണ്ടെന്ന് മാതാപിതാക്കൾ.
കഴിഞ്ഞ ആഴ്ചയാണ് ആലപ്പുഴ മാരാരിക്കുളം സ്വദേശിനിയും, ഗാന്ധിനഗർ സ്റ്റേഷൻ പരിധിയിൽ കുടുംബ സമേതം വാടകയ്ക്ക് താമസിക്കുകയും ചെയ്തിരുന്ന 22 കാരിയെ വീട്ടിൽ നിന്നും കാണാതായത്.
കിടങ്ങൂർ സ്വദേശിയും വാരിശേരി കുടയംപടി റോഡ് വക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രത്തിലെ പൂജാരിയുമായിരുന്ന 52 കാരനൊപ്പമാണ് 22കാരിയായി വിദ്യാർഥിനി ഒളിച്ചോടിയത്.
പ്ലസ്ടു പഠനത്തിന് ശേഷം കഴിഞ്ഞ നാലു വർഷമായി മെഡിക്കൽ എൻട്രൻസ് കോച്ചിംഗ് പോകുകയായിരുന്നു. നാലു വർഷമായിട്ടും പഠനം പൂർത്തികരിക്കുവാൻ കഴിയാതെ വരികയും കൂടെ പഠിച്ചവർ പലരും മെഡിക്കൽ എൻട്രൻസ് കോച്ചിംഗ് പാസായി എംബിബിഎസിനു ചേരുകയും ചെയ്തിട്ടും തങ്ങളുടെ മകളുടെ വിദ്യാഭ്യാസം പൂർത്തികരിക്കുവാൻ കഴിയാത്തതിനാൽ മാതാപിതാക്കൾ ദു:ഖിതരായി.
തുടർന്ന് ഈ ക്ഷേത്രത്തിലെത്തി പൂജാരിയെ കാണുകയും പിന്നീടു ഇയാളെ ഇവരുടെ വീട്ടിൽ കൊണ്ടുവന്നു പൂജ നടത്തുന്നതും പതിവായി.
ബ്രഹ്മചാരിയായി കഴിയുകയായിരുന്നു ഈ 52 കാരൻ. ക്ഷേത്ര ചടങ്ങുകൾക്കുശേഷം പൂജാരിയെ, അമ്മ വീട്ടിലേയ്ക്ക് ക്ഷണിക്കുക പതിവായിരുന്നു.
മകൾ വിദ്യാഭ്യാസത്തിൽ ശ്രദ്ധിക്കുവാനാണു പൂജാരിയെ വീട്ടിൽ വരുത്തിയിരുന്നത്. കഴിഞ്ഞ ഒന്പതിനു ക്ഷേത്രത്തിൽ പോകുകയാണെന്ന് പറഞ്ഞു പോയ വിദ്യാർഥിനിയെ സമയപരിധി കഴിഞ്ഞിട്ടും കാണാത്തതിനെത്തുടർന്ന് രക്ഷിതാക്കൾ ഗാന്ധിനഗർ പോലീസിൽ പരാതി നൽകി.
പോലീസിന്റെ അന്വേഷണത്തിൽ എറണാകുളം ജില്ലയിലെ ഒരു സ്ഥലത്ത് ഉണ്ടെന്ന് കണ്ടെത്തി. പിന്നീട് ഇവരോടു പോലീസ് സ്റ്റേഷനിൽ ഹാജരാകുവാൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇരുവരും സ്റ്റേഷനിൽ ഹാജരായി. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തപ്പോഴാണ് തങ്ങൾ കോട്ടയം സംക്രാന്തിയിലുള്ള ഒരു ക്ഷേത്രത്തിൽ വച്ചു വിവാഹിതരായ വിവരം പോലീസിനേയും രക്ഷിതാക്കളേയും അറിയിക്കുന്നത്.
തുടർന്ന് ഈ വിധത്തിലുള്ള മകളെ തങ്ങൾക്ക് വേണ്ടായെന്ന് പറഞ്ഞ് രക്ഷിതാക്കൾ മടങ്ങുകയായിരുന്നു.