മൂവാറ്റുപുഴ: കാനഡയിൽ ജോലി വാഗ്ദാനം നൽകി ഇരുനൂറോളം ഉദ്യോഗാർഥികളിൽനിന്നായി അഞ്ചു കോടി രൂപയോളം തട്ടിയ കേസിലെ മുഖ്യപ്രതി മൂവാറ്റുപുഴയിൽ പിടിയിൽ.
കോട്ടയം കുറവിലങ്ങാട് നസ്രത്ത് ഹിൽ കരിക്കുളം ഡിനോ ബാബു സെബാസ്റ്റ്യൻ (31) ആണ് മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായത്.
മൂവാറ്റുപുഴ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പെന്റ ഓവർസീസ് കണ്‍സൽട്ടന്റ് എന്ന സ്ഥാപനത്തിന്റെയും ബ്രിട്ടീഷ് അക്കാഡമി എന്ന സ്ഥാപനത്തിന്റെയും പേരിൽ ഐഇഎൽടിഎസ് പാസാകാതെ കാനഡയിൽ ജോലിക്കുകൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള ഉദ്യോഗാർഥികൾ തട്ടിപ്പിനിരയായി. കേസ് രജിസ്റ്റർ ചെയ്ത ഉടനെ ഒളിവിൽ പോയ പ്രതിയെ എറണാകുളത്തെ ഒളിസങ്കേതത്തിൽനിന്നാണ് മൂവാറ്റുപുഴ ഡിവൈഎസ്പി എസ്. മുഹമ്മദ് റിയാസിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ കെ.എൻ. രാജേഷ്, ക്രൈം സ്ക്വാഡ് എസ്ഐമാരായ കെ.കെ. രാജേഷ്, രാകേഷ്, ഇ.അർ. ഷിബു, എഎസ്ഐ പി.സി. ജയകുമാർ, സീനിയർ സിപിഒ ബിബിൽ മോഹൻ എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
ഒളിവിൽ പോയ മറ്റു പ്രതികൾകൾക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വിദേശത്തേക്ക് കടന്ന ഒരു പ്രതിയെ തിരികെകൊണ്ടുവരാൻ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് തയാറാക്കി.