സ്വന്തം ലേഖകൻ
തലശേരി: കേരളത്തിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണകള്ളക്കടത്ത്, തട്ടിക്കൊണ്ടുപോകൽ, കൊലപാതകങ്ങൾ, ഹവാല പണം തട്ടിയെടുക്കൽ എന്നിവ സംബന്ധിച്ച് കേന്ദ്രഏജൻസികൾ അന്വേഷണം ഊർജിതമാക്കി.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഐബിയും ഉൾപ്പെടെയുള്ള ഏജൻസികളാണ് അന്വേഷണം ഊർജിതമാക്കിയിട്ടുള്ളത്.
വടക്കേ മലബാർ കേന്ദ്രീകരിച്ചുള്ള രാഷ്്ട്രീയ ക്രിമിനൽ സംഘങ്ങളാണ് ഇത്തരത്തിലുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതെന്ന വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ച അന്വേഷണം ബന്ധപ്പെട്ട ഏജൻസികൾ തലശേരി ഉൾപ്പെടെ കണ്ണൂർ ജില്ലയിലെ നഗരങ്ങളിലേക്ക് വ്യാപിച്ചിട്ടുള്ളത്.
രാഷ്ട്രീയ ക്രിമിനലുകൾ ഉൾപ്പെട്ട കേസുകളായതിനാൽ കേരള പോലീസിന്റെ “ചില’ പരിമിതികൾ മുന്നിൽ കണ്ടാണ് കേന്ദ്ര ഏജൻസികൾ രംഗത്തെത്തിയിട്ടുള്ളതെന്നാണ് അറിയുന്നത്.
തലശേരി പുതിയ ബസ്സ്റ്റാൻഡിലെ ആഡംബര ഹോട്ടൽ കേന്ദ്രീകരിച്ചാണ് കള്ളക്കടത്ത്, തട്ടിക്കൊണ്ടുപോകൽ, പൊട്ടിക്കൽ സംഘങ്ങൾ പ്രവർത്തിക്കുന്നതെന്ന റിപ്പോർട്ടും പുറത്തു വന്നിട്ടുണ്ട്.
നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിൽ പതിനാലുപേരെ ഈ ഹോട്ടലിൽ നിന്നാണ് ടൗൺ സിഐ അനിലും സംഘവും പിടികൂടി നെടുമ്പാശേരി പോലീസിന് കൈമാറിയത്.
ഈ സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ തലശേരിയിൽ അതീവ രഹസ്യമായ അന്വേഷണമാണ് നടത്തി വരുന്നത്.
ഈ ഹോട്ടലിൽ നിന്നു കളളക്കടത്ത് സംഘത്തെ പിടികൂടിയത് സംബന്ധിച്ച് നിറം പിടിച്ച കഥകളും നഗരത്തിൽ പ്രചരിക്കുന്നുണ്ട്.
ഒരു ബർത്ത് ഡേ പാർട്ടിക്കിടയിലാണ് പോലീസ് ഹോട്ടലിൽ റെയ്ഡ് നടത്തി സംഭവവുമായി ബന്ധപ്പെട്ടവരെ പിടികൂടിയത്.
ഉന്നത രാഷ്ട്രീയ നേതാക്കളുടെ പേര് പറഞ്ഞാണ് ക്രിമിനൽ സംഘങ്ങൾ ഈ ഹോട്ടലിൽ മുറിയെടുക്കുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
നെടുമ്പാശേരി കേസിൽ അറസ്റ്റിലായവരിൽ നിന്നും കള്ളക്കടത്ത് സംബന്ധിച്ചും ഹവാല പൊട്ടിക്കൽ സംബന്ധിച്ചും വിലപ്പെട്ട വിവരങ്ങൾ പോലീസിന് ലഭിച്ചതായാണ് അറിയുന്നത്.
തട്ടിയെടുക്കുന്ന സ്വർണം ജ്വല്ലറികളിലേക്ക് എത്തിക്കുന്ന ഏജന്റുമാരും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണുള്ളത്.
നെടുമ്പാശേരി കേസിൽ പാനൂർ സ്വദേശികളായ ആറ് പേരെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിക്കഴിഞ്ഞു.
നെടുമ്പാശേരിയിൽ നിന്നും തട്ടിയെടുത്ത അരക്കോടി രൂപ വില വരുന്ന സ്വർണം പോലീസ് കണ്ടെടുത്തിരുന്നു.