കോട്ടയം: മൂന്നര പതിറ്റാണ്ടുമുന്പ് അഞ്ചു വയസുകാരിയായ മകളെ മരണം തട്ടിയെടുത്ത റോഡിലെ അതേ സ്ഥലത്ത് പിതാവിനും ദാരുണാന്ത്യം സംഭവിച്ചതി ന്റെ നടുക്കത്തിലാണ് നാട്.
വ്യാഴാഴ്ച രാത്രി 9.30ന് തെള്ളകം ജംഗ്ഷനിലുണ്ടായ റോഡ് അപകടത്തിലാണ് തെള്ളകം ഹോളിക്രോസ് സ്കൂളിനു സമീപം മ്യാലിൽ എം.കെ.ജോസഫ് (78) മരിച്ചത്.
തെള്ളകം ജംഗ്ഷനിൽ ഏറ്റുമാനൂർ ഭാഗത്തുനിന്നും വന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ജോസഫ് സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിനു ശേഷം സ്കൂട്ടറിനു മുകളിലായാണ് ബസ് നിന്നത്.
മരിച്ച എം.കെ. ജോസഫിന്റെ അഞ്ചു വയസുകാരി മകൾ ജോയ്സ് 1985 ൽ ഇതേ സ്ഥലത്തുവച്ചാണ് അപകടത്തിൽ മരിച്ചത്.
കുരിശുപള്ളിയിൽ മേയ്മാസ വണക്ക പ്രാർഥനയ്ക്കായി എത്തിയ അഞ്ചുവയസുകാരി ജോയ്സ് റോഡരികിൽ നിൽക്കുന്പോൾ നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ചാണ് മരിച്ചത്. അതേ സ്ഥലത്തുവച്ച് ദുരന്തം ആവർത്തിച്ചത് കുടുംബത്തെയും ബന്ധുക്കളെയും അതീവ ദുഃഖത്തിലാഴ്ത്തി.
റിട്ടയേർഡ് സർവേ സൂപ്രണ്ടായിരുന്ന ജോസഫ് കാരിത്താസ് ജംഗ്ഷനു സമീപം ജോയ്സ് എന്ന പേരിൽ ലോഡ്ജ് നടത്തിവരികയായിരുന്നു.
ഇന്നലെ ലോഡ്ജിൽനിന്നും ഫോണ് വിളിച്ചതിനെ തുടർന്ന് രാത്രി 9.05 നാണ് വീട്ടിൽനിന്നും സ്കൂട്ടറിൽ യാത്ര തിരിച്ചത്. തൃശൂരിൽനിന്നും പത്തനാപുരത്തേക്ക് വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
അപകടസ്ഥലത്തുതന്നെ ജോസഫ് മരിച്ചു. ഏറ്റുമാനൂർ പോലീസും കോട്ടയം ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. അപകടത്തിനിടയാക്കിയ ബസ് ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം ജോസഫിന്റെ മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
23 ന് വൈകുന്നേരം മൂന്നിന് തെള്ളകം ലിറ്റിൽ ഫ്ളവർ ക്നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. കോട്ടയം മെഡിക്കൽ കോളജ് റിട്ടയേർഡ് നഴ്സിംഗ് സൂപ്രണ്ട് ത്രേസ്യാമ്മയാണ് ജോസഫിന്റെ ഭാര്യ. ജയ്സണ് (ബംഗളൂരു), ജയ (യുഎസ്) എന്നിവരാണ് മറ്റു മക്കൾ.