കൊച്ചി: കാക്കനാട് ഫ്ലാറ്റ് കൊലപാതക കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി അര്‍ഷാദില്‍നിന്ന് വിവരങ്ങള്‍ തേടി അന്വേഷണസംഘം. ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെത്തിച്ച ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. ഫ്ലാറ്റിലെ ലഹരി ഉപയോഗം, ലഹരി വസ്തുക്കള്‍ എവിടെനിന്ന് ലഭിക്കുന്നു തുടങ്ങിയ കാര്യങ്ങളിലാണ് പോലീസ് വിവരങ്ങള്‍ തേടുന്നത്.
ഫ്ലാറ്റില്‍ ലഹരി വില്‍പ്പന നടന്നിരുന്നതായി കമ്മീഷണര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങളും അര്‍ഷാദില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്.
കൊലപാതകത്തില്‍ നേരിട്ടോ അല്ലാതെയോ മറ്റൊരാളുടെ പങ്കും അന്വേഷണസംഘം സംശയിക്കുന്നുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
പണത്തിനുവേണ്ടി ചെയ്തത്
സജീവ് കൃഷ്ണയെ കൊലപ്പെടുത്തിയത് പണത്തിനു വേണ്ടിയാണെന്നാണ് പോലീസ് കണ്ടെത്തൽ. ഇരുവരും തമ്മില്‍ ലഹരി ഇടപാടുകള്‍ ഉണ്ടായിരുന്നു.
ഇതുസംബന്ധിച്ച സാമ്പത്തിക തര്‍ക്കമാണ് ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചത്. ഫ്ലാറ്റില്‍ ലഹരി വില്‍പ്പനയുണ്ടായിരുന്നു.
കുറ്റകൃത്യം നടത്തിയ ശേഷം തെളിവുനശിപ്പിക്കാന്‍ ശ്രമിച്ചത് സാധൂകരിക്കുന്ന വിവരങ്ങള്‍ പോലീസ് ഇതിനോടകം ശേഖരിച്ചിട്ടുണ്ട്.
ഇവര്‍ക്കൊപ്പം ഫ്ലാറ്റില്‍ താമസിച്ചിരുന്ന മറ്റ് സുഹൃത്തുക്കളെയും ചോദ്യം ചെയ്തെങ്കിലും കേസിന് സഹായകമാകുന്ന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
പ്രതികളുടെ അടക്കം ഫോണ്‍ കോളുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി നഗരത്തിലെയടക്കം ഫ്ലാറ്റുകളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
താമസക്കാര്‍ക്ക് പുറമേ പുറത്തുനിന്ന് എത്തുന്നവരെ നിരീക്ഷിക്കണം, രജിസ്റ്റര്‍ സൂക്ഷിക്കണം, സിസിടിവി സ്ഥാപിക്കണം തുടങ്ങിയവ ഇതുസംബന്ധിച്ച് റെസിഡന്റ്സ് അസോസിയേഷനുകള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇവ പാലിക്കാത്ത ഉമകള്‍ക്കെതിരെ പ്രേരണക്കുറ്റം ചുമത്തും. അസ്വാഭാവിക നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും അറിയിക്കാത്ത ഫ്ലാറ്റ് ഉടമകളെ കൂട്ടുപ്രതിയാക്കി കേസെടുക്കുമെന്ന് കൊച്ചി സിറ്റ് പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.
നഗരം ക്യാമറ കണ്ണിലേക്ക്
കൊച്ചി നഗരത്തിലടക്കം കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുമ്പോള്‍ പല സാഹചര്യത്തിലും പോലീസ് അന്വേഷണത്തെ വലയ്ക്കുന്നത് സിസിടിവി ദൃശ്യങ്ങളുടെ അപര്യാപ്തതയാണ്.
പ്രധാന ഇടങ്ങളിലെല്ലാം നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയില്‍ പലതും പ്രവര്‍ത്തന സജ്ജമല്ല. കാക്കനാട് കൊലപാതകത്തിലും നിരീക്ഷണ കാമറകളുടെ അഭാവം നേരിട്ടിരുന്നു.
ഈ സാഹചര്യത്തില്‍ കൊച്ചി സിറ്റി പരിധിയില്‍ രണ്ട് ലക്ഷം കാമറകള്‍ വേണമെന്ന ലക്ഷ്യത്തിനാണ് പോലീസ് തുടക്കമിട്ടിരിക്കുന്നത്. ഓപ്പറേഷന് നിരീക്ഷണം പദ്ധതിയുടെ ഭാഗമായാണിത്.
കുറഞ്ഞത് മൂന്ന് മാസം സമയം ഇതിനു വേണ്ടിവരും. പ്രവര്‍ത്തന സജ്ജമല്ലാത്ത നിരീക്ഷണ കാമറകള്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി കാര്യക്ഷമമാക്കാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഫ്ളാറ്റുകളിലും അപ്പാര്‍ട്ടുമെന്റുകളിലും നിരീക്ഷണ കാമറകളുടെ ഇന്സ്റ്റാലേഷന്, അറ്റകുറ്റപ്പണികൾ, ഫൂട്ടേജ് സൂക്ഷിക്കല്‍ എന്നിവ സംബന്ധിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ ഇതിനോടകം പോലീസ് നല്‍കിയിട്ടുണ്ട്.