തൃശൂർ: ഭിന്നശേഷിക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 11 വർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ.
മരത്താക്കര സ്വദേശിയായ അറയ്ക്കൽ വീട്ടിൽ ഷാജു(50) വിനെയാണു തൃശൂർ രണ്ടാം അഡീഷണൽ കോ ടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം അധികം കഠിനതടവ് അനുഭവിക്കേണ്ടിവരും.
2009 മുതൽ 2012 വരെയുള്ള കാലയളവിലാണു കേസിനാസ്പദമായ സംഭവം. യുവതി തനിച്ചാണെന്നറിഞ്ഞ് യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണു കേസ്.
പിന്നീടു പലതവണ ഇതേ രീതിയിൽ പലതവണയായി പീഡനം തുടർന്നു. തുടർന്ന് യുവതി ഗർഭണിയാവുകയായിരുന്നു.
ബന്ധുക്കളുടെ പരാതിയിൽ ഒല്ലൂർ പോലീസാണ് അന്വേഷണം നടത്തിയത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 15 സാക്ഷികളെ വിസ്തരിക്കുകയും യുവതിയെ ഭീഷണിപ്പെടുത്തുന്നതിന് ഉപയോഗിച്ച കത്തിയടക്കമുള്ള നാലു തൊണ്ടിമുതലുകളും 22 രേഖകളും ഹാജരാക്കുകയും ചെയ്തിരുന്നു.
ഗർഭിണിയായതോടെ യുവതിയുടെ നിശ്ചയിച്ച വിവാഹം മുടങ്ങിയെന്നും സ്വന്തം മകളുടെ പ്രായമുള്ളതും മാനസിക വെല്ലുവിളി നേരിടുന്നതുമായ യുവതിയെയാണു പ്രതി പീഡിപ്പിച്ചതെന്നും ആയതിനാൽ ഇത്തരത്തിലുള്ള കുറ്റകൃത്യം ചെയ്ത പ്രതി യാതൊരുവിധത്തിലും ദയ അർഹിക്കുന്നില്ലെന്നും സമൂഹത്തിനു മാതൃകയാകുന്ന വിധത്തിൽ പ്രതിക്കു പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജോണ്സണ് ടി. തോമസിന്റെ വാദങ്ങൾ പരിഗണിച്ചാണു കോടതി ശിക്ഷ വിധിച്ചത്.
അഭിഭാഷകരായ എം.ആർ. കൃഷ്ണപ്രസാദ്, പി.ആർ. ശ്രീലേഖ, കെ. കൃഷ്ണദാസ് എന്നിവരും പ്രോ സിക്യൂഷനായി ഹാജരായി.