സ്വന്തം ലേഖകൻ
കണ്ണൂര്‍: കണ്ണൂർ ജില്ലയുടെ നഗരപരിസരങ്ങളില്‍ രണ്ടാഴ്ചയിലേറെയായി നാട്ടുകാരുടെ ഉറക്കം കെടുത്തിയ നഗ്നമോഷ്ടാവ് ഒടുവിൽ പോലീസിന്റെ വലയിലായി.
വാട്ടര്‍ മീറ്റര്‍ എന്ന് വിളിപ്പേരുള്ള തമിഴ്നാട് ഗൂഡല്ലൂർ നീലഗിരി സ്വദേശി അബ്ദുള്‍ കബീറി (56) നെയാണ് എസിപി ടി.കെ. രക്നകുമാറിന്റെ നിർദേശപ്രകാരം കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന്റെ ആസൂത്രിത നീക്കത്തിലാണ് പ്രതി പിടിയിലായത്.
കഴിഞ്ഞദിവസം ഇയാള്‍ നഗ്നനായി മോഷണത്തിനിറങ്ങിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ഇതിനുപിന്നാലെയാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. കണ്ണൂർ നഗരത്തിൽ വീണ്ടും മോഷണം നടത്താൻ കോഴിക്കോടുനിന്ന് ബസ് മാർഗം വരുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ ഇന്നലെ രാവിലെ കണ്ണൂർ കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽനിന്നാണ് പ്രതി പിടിയിലായത്.
പ്രാഥമിക ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. നഗ്നനായി മോഷണം നടത്തുന്നതാണ് പ്രതിയുടെ പ്രത്യേകത.
കണ്ണൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും മോലെ ചൊവ്വ, താഴെചൊവ്വ ഭാഗങ്ങളിലും പ്രതി മോഷണം നടത്തിയതായി പോലീസിനോട് സമ്മതിച്ചു.
ഇയാൾക്കെതിരേ നിലവിൽ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ 11 മോഷണ കേസുകളുണ്ട്. മേലെചൊവ്വ ഭാഗങ്ങളിൽ പ്രതി മോഷണം നടത്തിയ വീടുകളിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.
പകല്‍സമയങ്ങളില്‍ ആൾത്താമസമില്ലാത്ത വീടുകള്‍ കൃത്യമായി നിരീക്ഷിച്ച് രാത്രി ആ വീടുകളില്‍ മോഷണത്തിനെത്തുകയാണ് ഇയാളുടെ രീതി.
അവധി ദിവസങ്ങളില്‍ മാത്രം വീട്ടില്‍ വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും മറ്റും വീടുകളാണ് ഇയാള്‍ സ്ഥിരമായി മോഷണത്തിന് തെരഞ്ഞെടുക്കുന്നത്.
രണ്ട് വീടുകളില്‍ ഇയാള്‍ മോഷണം നടത്തുന്നതിന്റെയും നഗ്നനായി നടക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.