കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: സാധാരണ നിയമസഭാ സമ്മേളനങ്ങളിൽ ഗവർണർ ചർച്ചാവിഷയമായി മാറുന്ന പതിവില്ല. ഭരണപക്ഷത്തെ ആക്രമിക്കാനുള്ള പ്രതിപക്ഷത്തിന്റെ ആയുധമായും ഗവർണർ മാറാറില്ല.
എന്നാൽ, നിയമനിർമാണത്തിനു മാത്രമായി നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികളാകും മുഖ്യ ചർച്ചാവിഷയം.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയുടെ നിയമനക്രമക്കേടിൽ കടുത്ത നടപടിയുമായി മുന്നോട്ടുപോകുന്ന ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ നീക്കങ്ങളാകും നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിന്റെ മുഖ്യ ആകർഷണം.
സർവകലാശാലാ നിയമനങ്ങളിലെ ക്രമക്കേടുകൾ തടയുന്ന ഗവർണറുടെ നടപടികളാകും ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കുന്നതിനുള്ള പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ വജ്രായുധം.
സർക്കാരിന്റെ അനുഗ്രഹാശിസുകളോടെ കണ്ണൂർ, കേരള സർവകലാശാലകൾ ഗവർണർക്കെതിരേ തിരിഞ്ഞതു രാഷ്ട്രീയ ബന്ധുനിയമനങ്ങൾ തടഞ്ഞതുകൊണ്ടാണെന്ന വാദമുയർത്തി പ്രതിപക്ഷം, ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കും.
ഗവർണറുടെ നടപടികളെ ഇതുവരെ പൊതുവേദിയിൽ തള്ളിപ്പറയാത്ത മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നിയമസഭയിലെ മറുപടിയും നിർണായകമാകും. ഇതുവരെ സിപിഎമ്മിന്റെ രാഷ്ട്രീയ നേതൃത്വമാണു ഗവർണർക്കെതിരേ രംഗത്തെ ത്തിയിട്ടുള്ളത്.
മുഖ്യമന്ത്രിക്കെതിരേയുള്ള പരാതി അടക്കം അന്തിമഘട്ടത്തിൽ എത്തിനിൽക്കേ, അഴിമതിനിരോധന സംവിധാനമായ ലോകായുക്തയുടെ അധികാരം കവരുന്ന ബിൽ നിയമസഭ പാസാക്കിയാലും ഗവർണർ ഒപ്പിട്ടാലേ നിയമമാകൂ.
ഗവർണറെ പ്രകോപിപ്പിക്കാതിരിക്കാൻ മുഖ്യമന്ത്രിയും സർക്കാരും പരാമവധി ശ്രമിക്കുന്നതും ഈ ബില്ലുമായി ബന്ധപ്പെട്ടാണ്.
വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം കവരുന്ന സർവകലാശാലാ ഭേദഗതി ബിൽ നിയമസഭയിൽ കൊണ്ടുവരുമെന്നു പ്രഖ്യാപിച്ചെങ്കിലും പിന്നീടു സർക്കാർ പിന്നാക്കം പോയിരുന്നു.
24ന് ലോകായുക്ത ഭേദഗതി ബിൽ സഭയിൽ എത്തുന്പോൾ പ്രതിപക്ഷം കടുത്ത പ്രതിഷേധമാകും ഉയർത്തുക. നിയമഭേദഗതിയിൽ വിയോജിപ്പുള്ള സിപിഐയുടെ നിലപാടും നിർണായകമാകും.
ലോകായുക്ത ഭേദഗതി ബില്ലിൽ സിപിഐയുടെ ഭേദഗതി നിർദേശം സർക്കാർ ഔദ്യോഗിക ഭേദഗതിയായി പരിഗണിച്ചില്ലെങ്കിൽ ഇടതുമുന്നണിയിൽ തന്നെ പ്രതിസന്ധിയാകും.
സന്പൂർണ ബജറ്റ് സമ്മേളനത്തിനു തൊട്ടുപിന്നാലെ സഭ ചേരേണ്ട അസാധാരണ സാഹചര്യമാണുള്ളതെന്നു സ്പീക്കർ എം.ബി. രാജേഷ് പറയുന്നു.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടു നടക്കുന്ന സമരജ്വാലയും മുഖ്യമന്ത്രിക്കെതിരേ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോണ്ഗ്രസ് പ്രവർത്തകനെതിരേ കാപ്പ ചുമത്തിയതും രാഹുൽ ഗാന്ധിയുടെ വയനാട് എംപി ഓഫീസിലെ ഗാന്ധിപ്രതിമ തകർത്തതുമായി ബന്ധപ്പെട്ടു കോണ്ഗ്രസുകാരെ അറസ്റ്റ് ചെയ്ത നടപടിയുമടക്കം പ്രതിപക്ഷം സഭയിലുയർത്തും.
സിപിഎം സംസ്ഥാന സമിതി ഓഫീസായ എകെജി സെന്റർ ആക്രമണക്കേസിലെ പ്രതിയെ ഇനിയും പിടികൂടാത്തതു വിശദീകരിക്കാനും സിപിഎമ്മിന് ഏറെ വിയർക്കേണ്ടിവരും.