റാഞ്ചി: ജാർഖണ്ഡിൽ പീഡനശ്രമം ചെറുത്ത 14 വയസുകാരിയെ അക്രമി ക്രൂരമായി മർദിച്ച് കാൽ തല്ലിയൊടിച്ചു. പെണ്‍കുട്ടി യാത്ര ചെയ്ത ഓട്ടോറിക്ഷയുടെ ഡ്രൈവറാണ് ഉപദ്രവം നടത്തിയത്.
ധുമ്ക ജില്ലയിലെ ബാസുകിനാഥ് മേഖയിലാണ് സംഭവം. രാംഗറിലെ ബന്ധുവീട്ടിലേക്ക് തിരിച്ച 14-കാരി ഇന്നലെ ഉച്ചയ്ക്ക് ബാസുകിനാഥ് ബസ് സ്റ്റാൻഡിൽ നിന്ന് മറ്റൊരു പെണ്‍കുട്ടിക്കൊപ്പം പ്രതിയുടെ ഓട്ടോയിൽ കയറുകയായിരുന്നു.
രാംഗർ മേഖലയിലെ വനപ്രദേശത്തേക്ക് ഓട്ടോ ഓടിച്ച് കയറ്റിയ ഡ്രൈവർ ഇരുവരെയും ആക്രമിക്കാൻ ശ്രമിച്ചു.
കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി ഓടി രക്ഷപ്പെട്ടപ്പോൾ 14-കാരി അക്രമിയുടെ കൈയ്യിലകപ്പെടുകയായിരുന്നു.
ക്രൂരമായ മർദനത്തിനിരയായ കുട്ടി ബോധരഹിതയായി രാത്രി മുഴുവൻ വഴിയിൽ കിടന്നു. പിന്നീട് വഴിയിലൂടെ ഇഴഞ്ഞ് നാട്ടുകാരുടെ സഹായത്തോടെ പോലീസ് സ്റ്റേഷനിലെത്തി.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചെന്നും അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പോലീസ് അറിയിച്ചു.