ഗുരുവായൂർ: ദേവസ്വത്തിന്റെയും നഗരസഭയുടേയും പോലീസിന്റെയും ഒത്തുചേർന്നുള്ള മുന്നൊരുക്കങ്ങൾ ഫലപ്രദമായതോടെ ക്ഷേത്രസന്നിധിയിൽ 236 വിവാഹങ്ങൾ തിരക്കനുഭവപ്പെടാതെ നടന്നു.
ഗതാഗതക്കുരുക്കില്ലാതെ നഗരത്തിൽ യാത്ര സുഗമമാക്കിയതിൽ നഗരസഭയുടേയും പോലീസിന്റെയും ഇടപെടൽ വിജയംകണ്ടു.
ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്നലെ 249 വിവാഹങ്ങൾ ശീട്ടാക്കിയിരുന്നെങ്കിലും 236 വിവാഹങ്ങളാണു നടന്നത്.
വിവാഹത്തിരക്ക് ഉണ്ടാകുമെന്നു മുൻകൂട്ടി മനസിലാക്കിയതോടെ ദേവസ്വവും നഗരസഭയും പോലീസും കൃത്യമായ മുന്നൊരുക്കം നടത്തി.
ദേവസ്വം മൂന്നു വിവാഹമണ്ഡപങ്ങൾക്കൊപ്പം രണ്ടു മണ്ഡപങ്ങൾ കൂടി അധികമായി ഒരുക്കി. ഒരേ സമയത്ത് അഞ്ചു വിവാഹങ്ങൾ നടന്നു.
വിവാഹത്തിൽ പങ്കെടുക്കാൻ 20 പേരെ മാത്രം മണ്ഡപത്തിനു സമീപത്തേക്കു കയറ്റാൻ തീരുമാനിച്ചതു തിരക്കൊഴിവാക്കി. വിവാഹങ്ങളുടെ സമയക്രമവും കൃത്യമായി പാലിച്ചു.
ഇന്നർ റിംഗ് റോഡിൽ വാഹന പാർക്കിംഗ് അനുവദിച്ചില്ല. നഗരസഭയുടെ മൾട്ടിപാർക്കിംഗ് കേന്ദ്രം ഭാഗികമായി തുറന്നു കൊടുത്തു. ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ടും പാർക്കിംഗ് കേന്ദ്രമാക്കി.
നഗരസഭയിൽ വിവാഹ രജിസ്ട്രേഷൻ രാവിലെ 8.30ന് ആരംഭിച്ചു. കൂടുതൽ ജീവനക്കാരെ നിയോഗിച്ച് സൗകര്യം ഒരുക്കി.