ഇൗ ധീരതയെയല്ലേ നമിക്കേണ്ടത്. സ്വന്തം മാനം രക്ഷിക്കാന്‍ എല്ലാം നഷ്ടപ്പെടുത്തിയ ഈ ഇറാക്കി പെണ്‍കുട്ടിയുടെ അസാമാന്യം ധൈര്യത്തെ പുകഴ്ത്തുന്ന തിരക്കിലാണ് ലോകമിപ്പോള്‍. കേവലം പതിനെട്ടു വയസുമാത്രമുള്ള യാസ്മിന് എന്ന ഈ യെസീദി പെണ്‍കുട്ടി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ബലാത്സംഗത്തില്‍നിന്നു രക്ഷപ്പെടാന്‍ സ്വന്തം ശരീരത്തിന് തീകൊളുത്തി. വിരൂപയായാല് ഭീകരരുടെ കാമവെറിയില്‍ നിന്നു രക്ഷപ്പെടാമല്ലോയെന്ന ചിന്തയാണ് ഇവളെ ഈ സാഹസത്തിലേക്കു നയിച്ചത്.
ഇറാക്കിലെ അഭയാര്‍ഥി ക്യാമ്പില്‍നിന്നു ജാന്‍ ഇല്ബാന് കിസില്‍ഖാന്‍ എന്ന ഡോക്ടറാണ് ഇവളെ കണ്ടെത്തിയത്. ഇപ്പോള്‍ ജര്‍മനിയിലെ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയിലാണ് ഇവള്. 2014ല്‍ ഇവളുടെ ഗ്രാമത്തില്‍ കടന്നുകയറിയ ഐഎസ് ഭീകരര്‍ ഗ്രാമത്തിലുള്ളവരെ ബന്ധികളാക്കി. തട്ടിക്കൊണ്ടുപോയവരില്‍ യാസ്മിന് ഉള്‍പ്പെടെയുള്ളവരെ ലൈംഗിക അടിമകളാക്കുകയായിരുന്നു. ഒരുദിവസം തന്നെ ഒന്നിലേറെ പേര് തങ്ങളെ ലൈംഗീകമായി പീഡിപ്പിച്ചിരുന്നതായി യാസ്മിന് പറയുന്നു. അടുത്തിടെയാണ് ഇവള് ഐഎസിന്റെ പിടിയില്‍നിന്നു രക്ഷപ്പെടുന്നത്. യാസ്മിനെക്കൂടാതെ നൂറുകണക്കിന് യെസീദിയ പെണ്‍കുട്ടികളും ജര്‍മനിയിലെ വിവിധ പുനരധിവാസ കേന്ദ്രങ്ങളില്‍ കഴിയുന്നുണ്ട്.