മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഒരു കിലോയിലധികം സ്വർണം ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി.
ഇന്നലെ രാവിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് 54.73 ലക്ഷം രൂപ വിലമതിക്കുന്ന 1055 ഗ്രാം സ്വർണം പിടികൂടിയത്.
വിമാനത്താവളത്തിലെ അന്താരാഷ്ട്ര ആഗമന ഹാളിലെ ടോയ്ലറ്റിൽനിന്നാണു പേസ്റ്റ് രൂപത്തിലുള്ള സ്വർണം കണ്ടെടുത്തത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം നാലു ഗുളിക മാതൃകയിലാക്കിയ നിലയിലായിരുന്നു.
പേസ്റ്റ് രൂപത്തിലുള്ള സ്വർണം 1,185 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 1,055 ഗ്രാമാണു ലഭിച്ചത്. വിദേശത്തുനിന്നു കടത്തിക്കൊണ്ടുവന്ന സ്വർണം പിടികൂടുമെന്ന ഭയത്താൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞതാണെന്നാണ് കസ്റ്റംസ് നിഗമനം.
അന്വേഷണം നടത്തിവരികയാണെന്നു കസ്റ്റംസ് അറിയിച്ചു. കസ്റ്റംസ് അസി. കമ്മീഷൻ ടി.എം. മുഹമ്മദ് ഫായിസ്, സൂപ്രണ്ടുമാരായ എൻ.സി. പ്രശാന്ത്, കെ. ബിന്ദു, ഇൻസ്പെക്ടർമാരായ കെ. ജിനേഷ്, നിവേദിത, രാംലാൽ, വി.രാജീവ്, ദീപക്, ഓഫീസ് അസിസ്റ്റന്റ് എൻ.സി.ഹരീഷ്, വി.പ്രീഷ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.