പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. പന്നിയാര്‍ ചുണ്ടല് ഗാന്ധിഗ്രാം കോളനിയില്‍ താമസിക്കുന്ന ബാലാജി(34)ആണ് മരിച്ചത്.
22നു വൈകിട്ടു കട്ടപ്പനയിലായിരുന്നു സംഭവം. തോട്ടങ്ങളില്‍ വളം ഇറക്കുന്ന ലോറിയില്‍ സഹായിയായി വന്നതായിരുന്നു ബാലാജി.
വളം ഇറക്കിക്കഴിഞ്ഞു ലോഡ്ജിലേക്കു മടങ്ങുംവഴി ഇടുക്കി കവലയില്‍നിന്നു പൊറോട്ട വാങ്ങി ലോറിയില്‍ ഇരുന്നു കഴിക്കുന്നതിനിടെയാണ് തൊണ്ടയില്‍ കുടുങ്ങിയത്.
ശ്വാസതടസം നേരിട്ടതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തും ലോറി ഡ്രൈവറും ചേര്‍ന്നു ബാലാജിയെ ഓട്ടോ റിക്ഷയില്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ചവച്ചരയ്ക്കാതെ ധൃതിയില്‍ കഴിച്ചതു കൊണ്ടാകാം ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തി. ശാന്തിയാണു ഭാര്യ. അര്ജുന്, അശ്വിന് എന്നിവര്‍ മക്കളാണ്.