കുന്നംകുളം: കീഴൂരിൽ മകൾ അമ്മയെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിൽ മകളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കീഴൂർ ചൂഴിയാട്ടിൽ വീട്ടിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണി(58) യാണു മരിച്ചത്. സംഭവത്തിൽ മകൾ ഇന്ദുലേഖയെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണു രുഗ്മിണി മരിച്ചത്. എട്ടു ലക്ഷം രൂപയുടെ ബാധ്യതയുള്ള ഇന്ദുലേഖ അമ്മയെ കൊലപ്പെടുത്തി സ്ഥലം കൈക്കലാകുന്നതിനുള്ള ശ്രമത്തിലായിരുന്നു.
മരണത്തിൽ അസ്വാഭാവികത തോന്നിയതിനെത്തുടർന്നു ഡോക്ടർമാർ നടത്തിയ പരിശോധനയിലാണു ശരീരത്തിൽ വിഷാംശം കണ്ടെത്തിയത്.
ഇതോടെ ഈ സമയം വീട്ടിൽ ഉണ്ടായിരുന്നവരെ വിളിച്ച് പോലീസ് ചോദ്യം ചെയ്തതിനെത്തുടർന്നാണു മകൾ ഇന്ദുലേഖ കുടുങ്ങിയത്. ചായയിൽ എലിവിഷം ചേർത്തു നല്കുകയായിരുന്നു.
ഇന്ദുലേഖയ്ക്ക് ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയുണ്ട്. സ്ഥലം കൈക്കലാക്കി വിൽക്കാനായിരുന്നു പദ്ധതി. ഇതിന്റെ പേരിൽ അമ്മയുമായി നേരത്തെ വഴക്കുണ്ടായിരുന്നു.
അതേസമയം, യുവതി അച്ഛനെയും കൊല്ലാൻ ശ്രമിച്ചതായി റിപ്പോർട്ടുകളുണ്ട്. പാറ്റയെ കൊല്ലാനുള്ള കീടനാശിനി ചായയിൽ കലർത്തി അച്ഛന് നൽകിയെങ്കിലും, രുചി മാറ്റം തോന്നിയതിനാൽ അദ്ദേഹം ചായ കുടിച്ചില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ദുലേഖയുടെ ഭർത്താവ് ഗൾഫിലാണ്. രണ്ടു കുട്ടികളുമുണ്ട്.