ചാലക്കുടി: അബുദാബിയിൽ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശി ഡെൻസിയുടെ റീപോസ്റ്റുമോർട്ടം ആരംഭിച്ചു.
സെന്റ് ജോസഫ് പള്ളിയിലെ കല്ലറ തുറന്നാണ് മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തത്. ഇരിങ്ങാലക്കുട ആർഡിഒയുടെ അനുമതിയോടെയാണ് റീ പോസ്റ്റുമോർട്ടം.
രണ്ട് വർഷങ്ങൾക്ക് മുൻപാണ് ഡെൻസി മരിച്ചത്. ഏതാനും ദിവസം മുമ്പാണ് മരണം കൊലപാതകമാണെന്ന് വീട്ടുകാർ അറിയുന്നത്.
വാഹനാപകടത്തിലാണ് മരണമെന്നാണ് ആദ്യം വീട്ടുകാർക്ക് ലഭിച്ച വിവരം. പിന്നീട് ഹൃദയാഘാതമാണെന്നും അറിയിച്ചു.
പാരമ്പര്യ വൈദ്യൻ മൈസൂരുവിലെ ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി ഷൈബിൻ അഷറഫാണ് കൊലയുടെ സൂത്രധാരൻ എന്ന് കൂട്ടുപ്രതികളുടെ മൊഴിയോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തറിയുന്നത്.
കോഴിക്കോട് സ്വദേശി ഹാരിസിന്റെ അബുദാബിയിലെ സ്ഥാപനത്തിലായിരുന്നു ഡെൻസിക്ക് ജോലി.
2020 മാർച്ച് അഞ്ചിനാണ് ഹാരിസിനെയും ഡെൻസിയെയും മരിച്ചനിലയിൽ കണ്ടെത്തിയത്. ഷൈബിൻ അഷറഫ്, ഹാരിസിന്റെ ബിസിനസ് പങ്കാളിയായിരുന്നു.
നിലമ്പൂർ ഡിവൈഎസ്പി സാജു കെ. എബ്രഹാമിന്റെ അപേക്ഷ പ്രകാരമാണ് റീ പോസ്റ്റുമോർട്ടം നടത്താൻ അനുമതി ലഭിച്ചത്.