ടോക്കിയോ: ലോകത്തിലെ മോട്ടിവേഷൻ കഥകളിലേക്ക് ഒരു ഏടുകൂടി ചേർക്കപ്പെട്ടിരിക്കുന്നു. സോവ്യറ്റ് യൂണിയനിൽ ജനിച്ച് ഇസ്രയേലിനായി കളിക്കുന്ന 65കാരിയായ സ്വറ്റ്ലെന സിൽബെർമാൻ ലോക ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പ് മിക്സഡ് ഡബിൾസ് രണ്ടാം റൗണ്ടിൽ.
ലോക ബാഡ്മിന്റണ്‍ ചരിത്രത്തിൽ ഒരു ജയം സ്വന്തമാക്കുന്ന ഏറ്റവും പ്രായമുള്ള താരം എന്ന റിക്കാർഡ് കുറിച്ചാണ് സ്വറ്റ്ലെന എന്ന അമ്മ രണ്ടാം റൗണ്ടിലേക്ക് മാർച്ച് ചെയ്തത്. അതും സ്വന്തം മകന് ഒപ്പം ആണെന്നതാണ് ഈ കഥയിലെ മറ്റൊരു ഹൈലൈറ്റ്.
സ്വറ്റ്ലെന സിൽബെർമാനും 33കാരനായ മകൻ മിഷ സിൽബെർമാനും ചേർന്നുള്ള സഖ്യം മിക്സഡ് ഡബിൾസിൽ ലോക ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ആദ്യ റൗണ്ടിൽ ഈജിപ്തിന്റെ ആദം എൽഗാമൽ – ദോഹ ഹാനി കൂട്ടുകെട്ടിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് അമ്മയും മകനും രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്.
സ്കോർ: 16-21, 21-18, 21-11. എന്നാൽ, രണ്ടാം റൗണ്ടിൽ മലേഷ്യയുടെ എട്ടാം സീഡായ താൻ കിയാൻ മെങ് – ലായി പീ ജിൻ കൂട്ടുകെട്ടിനോട് നേരിട്ടുള്ള ഗെയിമിനു പരാജയപ്പെട്ട് അമ്മയും മകനും പുറത്തായി. സ്കോർ: 6-21, 5-21.
ലോക ചാന്പ്യൻഷിപ്പിനുള്ള സോവ്യറ്റ് യൂണിയൻ ടീമിലേക്ക് പ്രായക്കൂടുതലായതിനാൽ പരിഗണിക്കപ്പെടാത്ത ചരിത്രവും സ്വറ്റ്ലെനയ്ക്കുണ്ട്. അന്ന് സ്വറ്റ്ലെനയ്ക്ക് 25 വയസ് ആയിരുന്നു.
ടോക്കിയോ ലോക ചാന്പ്യൻഷിപ്പിൽ നിന്ന് മടങ്ങുന്പോൾ സ്വറ്റ്ലെന പറഞ്ഞത് ഇത്രമാത്രം: 25 വയസുള്ളപ്പോൾ എനിക്ക് പ്രായക്കൂടുതലാണെന്ന് അവർ പറഞ്ഞു, ഇപ്പോൾ ഞാനൊരു യുവതിയാണ്. ഇപ്പോഴും എനിക്ക് തളർച്ചയില്ല, അടുത്ത വർഷവും ലോക ചാന്പ്യൻഷിപ്പ് എത്തുമോ എന്ന് ആരറിഞ്ഞു…
1986 വനിതാ സിംഗിൾസ് യൂറോപ്യൻ ചാന്പ്യനാണ് സ്വറ്റ്ലെന. സ്വറ്റ്ലെന – മിഷ സഖ്യം മൂന്ന് സ്വർണവും ഒരു വെള്ളിയും വിവിധ ചാന്പ്യൻഷിപ്പുകളിലായി നേടിയിട്ടുണ്ട്.