കോടാലി (തൃശൂർ ): അമ്മയെ മകൻ ഗ്യാസ് സിലിണ്ടർകൊണ്ടു തലയ്ക്കടിച്ച് കൊലപ്പെടുത്തി. കിഴക്കേ കോടാലിക്കടുത്ത് കൊള്ളിക്കുന്നിലാണു സംഭവം.
ഇവിടെ വാടകയ്ക്കു താമസിക്കുന്ന ഉപ്പുഴി വീട്ടിൽ ചാത്തുക്കുട്ടിയുടെ ഭാര്യ ശോഭന(54)യെയാണു മകൻ വിഷ്ണു(24) ക്രൂരമായി കൊലപ്പെടുത്തിയത്. കുടുംബ വഴക്കാണു കൊലപാതകത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം.
ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണു സംഭവമെന്നു കരുതുന്നു. കൊല നടത്തിയശേഷം പ്രതി വിഷ്ണു വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
കൂലിപ്പണിക്കാരനായ ചാത്തുക്കുട്ടി സംഭവസമയത്തു ജോലിക്കു പോയിരിക്കുകയായിരുന്നു. അതിനാൽ കൊലപാതകം നടന്നത് അയൽവാസികൾ പോലും അറിഞ്ഞില്ല.
വിഷ്ണു വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസ് വീട്ടിലെത്തിയപ്പോഴാണ് നാട്ടുകാർ സംഭവം അറിഞ്ഞത്.വീടിന്റെ ഹാളിൽ വാതിലിനോടു ചേർന്നാണു മൃതദേഹം കാണപ്പെട്ടത്.
അമ്മയെ കൊലപ്പെടുത്താനുണ്ടായ പ്രകോപനം എന്താണെന്നു വിഷ്ണു പോലീസിനോടു വെളിപ്പെടുത്തിയിട്ടില്ല. കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.
കിഴക്കേ കോടാലി സ്വദേശിനിയാണു ശോഭന. നേരത്തെ താളൂപ്പാടത്തായിരുന്നു ഇവർ താമസിച്ചിരുന്നത്. അവിടെയുള്ള വീടും സ്ഥലവും വിറ്റ് ഒരു മാസം മുന്പാണ് കൊള്ളിക്കുന്നിലുള്ള വാടകവീട്ടിൽ താമസിക്കാനെത്തിയത്.
കോവിഡിനു മുന്പ് രണ്ടുവർഷത്തോളം ശോഭന ഗൾഫിലായിരുന്നു. വിഷ്ണു നേരത്തെ ഓട്ടോ ഡ്രൈവറായിരുന്നു. പിന്നീട് ടാങ്കർ ലോറി ഡ്രൈവറായ ഇയാൾ അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് കുറച്ചുനാളായി ജോലിക്കു പോയിരുന്നില്ല.
ഇന്നു രാവിലെ ഫോറൻസിക് വിദഗ്ദർ എത്തി പരിശോധന നടത്തിയശേഷം ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ട ുപോകും.