കോട്ടയം: വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. അകലക്കുന്നം മറ്റക്കര ചെങ്ങാലികുന്നേല് സി.എന്‍. ബിജു (50)വിനെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.
പൂവത്തിളപ്പ് സ്വദേശി ജോര്‍ജ് ജോസിനെയാണ് ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.ജോര്‍ജും കുടുംബവും വിദേശത്തായിരുന്നതിനാല്‍ ഇവരുടെ വീടും, സ്ഥലവും നോക്കിയിരുന്നത് ബിജുവായിരുന്നു.
സ്വന്തമായി വീടില്ലാതിരുന്ന ബിജുവിന് വീട് വയ്ക്കുന്നതിനായി ജോര്‍ജ് സ്വന്തം പുരയിടം ഈട് നൽകി 10 ലക്ഷം രൂപ ലോണ്‍ എടുത്തുകൊടുക്കുകയും ഇത് അടയ്ക്കാതെ കുടിശിക വരുത്തിയതു ചോദ്യം ചെയ്യുകയും ചെയ്തു.
പിന്നീട് ഇവര്‍ നാട്ടിലെത്തിയശേഷം ബിജു വീടും സ്ഥലവും നോക്കിയതിന്റെ പ്രതിഫലമായി 20 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു.
ഇതു തരാന്‍ സാധിക്കില്ലെന്ന പറഞ്ഞതിലുള്ള വിരോധം മൂലമാണ് പ്രതി ജോര്‍ജിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.കഴിഞ്ഞ മൂന്നിനു അകലക്കുന്നം പൂവത്തിളപ്പ് ജംഗ്ഷനില്‍ വച്ചായിരുന്നു ഇയാള്‍ ജോര്‍ജിനെ ആക്രമിച്ചത്.
ആക്രമത്തിനുശേഷം പ്രതി ഒളിവില്‍ പോവുകയും ചെയ്തു. പീന്നിട് പള്ളിക്കത്തോട് പോലീസ് കേസെടുത്ത് ബിജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പള്ളിക്കത്തോട് എസ്എച്ച്ഒ എസ്. പ്രദീപും സംഘവും ചേര്‍ന്നാണു പ്രതിയെ അറസ്റ്റു ചെയ്തത്.