കോട്ടയം: ഇന്ന് അത്തം, പത്താം നാൾ പൊന്നിൻ തിരുവോണം. ഓണത്തെ വരവേൽക്കാനായി ഇന്നു മുതൽ വീട്ടിലും നാട്ടിലും പൂക്കളങ്ങൾ ഒരുങ്ങും.
രണ്ടു വർഷക്കാലത്തെ കോവിഡ് ഇടവേളയ്ക്കു ശേഷം ഇത്തവണ ഓണം ആഘോഷമാക്കാനായി എല്ലാവരും ഒരുങ്ങുന്പോൾ പൂവിപണിയും സജീവമായി.
പ്രാദേശികമായി പൂക്കൾ എത്തുന്നുണ്ടെങ്കിലും പതിവു പോലെ തമിഴ്നാട്ടിലെ കന്പം, തേനി, ബംഗളൂർ, ആന്ധ്രാ എന്നിവിടങ്ങളിൽ നിന്നാണ് പൂക്കൾ കൂടുതലായി എത്തുന്നത്.
കേരളത്തിലെ ഓണം സീസണുവേണ്ടി തമിഴ്നാട്ടിലെ കന്പം, തേനി ഭാഗത്ത് ഇപ്പോൾ പൂക്കളുടെ വിളവെടുപ്പു കാലം കൂടിയാണ്. ജമന്തി, ബന്തി, വാടമുല്ല, അരളി തുടങ്ങിയ പൂക്കളാണ് പൂക്കളത്തിനായി കൂടുതലും ഉപയോഗിക്കുന്നത്.
മുൻ വർഷങ്ങളേതിനേക്കാൾ ഇത്തവണ പൂക്കൾക്ക് വില കൂടിയിട്ടുണ്ട്. ജമന്തിക്ക് 220 രൂപയും ബന്തിക്ക് 180 രൂപയുമാണ് കിലോയ്ക്ക് വില.
അരളി പൂവിന് 300 രൂപയും വാടമുല്ലയ്ക്ക് 180 രൂപയുമാണ് ഇന്നലത്തെ വില. പൂക്കളുടെ ആവശ്യമേറുന്ന വരും ദിവസങ്ങളിൽ വില വർധിക്കുമെന്നാണ് കച്ചവടക്കാർ പറയുന്നത്.
മുല്ലപൂവിന് റിക്കാർഡ് വിലയാണ്. കിലോയ്ക്ക് 1000 രൂപയാണ് മുല്ലപൂവിന്റെ വില. സ്കൂൾ, കോളജ്, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഓണാഘോഷം.