ഗാന്ധിനഗർ: ഒരു മാസമായി കാറിൽ കോട്ടയം ആർപ്പൂക്കര സ്വദേശി സുജിത്തിനൊപ്പം സഞ്ചരിച്ചത് ഉഗ്രൻ രാജവെന്പാല.
അതോർക്കുന്പോൾ സുജിത്തിന് ഇപ്പോഴും ഉൾക്കിടിലം. സുജിത്ത് മാത്രമല്ല കൂടെ കുടുംബാംഗങ്ങളും യാത്ര ചെയ്തപ്പോഴെല്ലാം അപകടകാരിയായ രാജവെന്പാല കൂടെയുണ്ടായിരുന്നു എന്നതാണ് നടുക്കുന്ന യാഥാർഥ്യം.
മലപ്പുറം വഴിക്കടവിൽനിന്നാണ് കൊടുംവിഷമുള്ള രാജവെമ്പാല സുജിത്തിന്റെ കാറിൽ കയറിപ്പറ്റിയതെന്നാണ് കരുതുന്നത്.
പിന്നീട് ഒരു മാസത്തോളം ഈ രാജവെമ്പാലയുടെ താമസം സുജിത്തിന്റെ കാറിലായിരുന്നു. ഒരു മാസത്തിനു ശേഷം ആർപ്പൂക്കരയിൽ ഇറങ്ങുകയും ചെയ്തു.
ഈ ഒരു മാസത്തിനിടയ്ക്ക് ആരെയും ദ്രോഹിക്കാതെ കഴിഞ്ഞ രാജവെന്പാലയെ പിടികൂടിയതോടെയാണ് നാട്ടുകാർക്കും സുജിത്തിനും ആശ്വാസമായത്.
ഒരു മാസം മുന്പ്
ഒരു മാസം മുന്പാണ് സുജിത്തും സുഹൃത്തുക്കളും ലിഫ്റ്റിന്റെ പണിക്കായി മലപ്പുറത്തിനു പോയത്. വഴിക്കടവിൽ കാടിനോടു ചേർന്നുള്ള പ്രദേശത്തായിരുന്നു ജോലി.
ഇതിനിടെ, കാറിനുള്ളിൽ പാന്പ് കയറുന്നതു കണ്ടതായി ചിലർ പറഞ്ഞു. തുടർന്നു വനംവകുപ്പിനെ വിവരം അറിയിച്ചു.
ഉദ്യോഗസ്ഥരെത്തി കാർ പരിശോധിച്ചു. എന്നാൽ, പാമ്പിനെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്നു സർവീസ് സെന്ററിൽ കൊണ്ടുപോയി കാർ കഴുകി വൃത്തിയാക്കി.
ഉദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ചു വണ്ടി ഏറെ നേരം സ്റ്റാർട്ട് ചെയ്തിട്ടു. അതിനുശേഷം ഓഗസ്റ്റ് അഞ്ചിനാണ് വാഹനവുമായി വഴിക്കടവിൽനിന്നു തിരിച്ചുപോന്നത്.
കുടുംബവുമായി യാത്ര
പിന്നീടു കാറുമായി പല സ്ഥലത്തും പോയി. പലപ്പോഴും ഒറ്റയ്ക്കായിരുന്നു യാത്ര. ഇടയ്ക്ക് കുടുംബത്തോടൊപ്പം പലവട്ടം യാത്ര ചെയ്തു.
പാന്പ് കയറിയെന്ന ആശങ്ക ഉള്ളിൽ ഉണ്ടായിരുന്നതിനാൽ ഇതിനിടയ്ക്കും കാറിൽ പരിശോധന നടത്താറുണ്ടായിരുന്നു.
എന്നാൽ, പാന്പിന്റെ സാന്നിധ്യം കണ്ടെത്തിയില്ല. നാട്ടിലെത്തി ഇരുപതു ദിവസം കഴിഞ്ഞ് ഒരു ദിവസം നോക്കിയപ്പോൾ കാറിനുള്ളിൽ ഒരു പാന്പിൻപടം.
ഇതോടെ പാന്പ് കാറിനുള്ളിൽത്തന്നെയുണ്ടെന്ന് ഉറപ്പിച്ചു. തുടർന്നു വാവ സുരേഷിനെ വിളിച്ചുവരുത്തി കാർ പരിശോധിച്ചു.
കാണാതെ വന്നതോടെ സർവീസ് സെന്ററിനിന്ന് ആളെ വരുത്തി വാഹനം അഴിച്ചുനോക്കി. എന്നാൽ, പാമ്പിനെ കണ്ടെത്താനായില്ല.
പൂച്ചയുമായി കളി
വീണ്ടും പത്തു ദിവസം കഴിഞ്ഞപ്പോഴാണ് അയൽവാസി സന്തോഷ് കുമാറിന്റെ വീടിന്റെ പരിസരത്തു പൂച്ചയുമായി കളിക്കുന്ന രാജവെന്പാലയെ കാണുന്നത്.
സന്തോഷ് കുമാർ അറിയിച്ചതോടെ സുജിത്തും നാട്ടുകാരും ഓടിയെത്തി. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെത്തുടർന്നു വനംവകുപ്പിലെ പാമ്പുപിടിത്തക്കാരായ കെ.എ. അബീഷ്, കെ.സി. ലാല്സി എന്നിവരെത്തി രാജവെന്പാലയെ പിടികൂടി.
വിവരം അറിഞ്ഞു നിരവധി പേർ സ്ഥലത്തെത്തി. ഗാന്ധിനഗർ പോലീസും എത്തിയിരുന്നു. പാമ്പിനെ വനംവകുപ്പ് അധികൃതർ കൊണ്ടുപോയി.