നെയ്യാറ്റിന്‍കര: വീട്ടമ്മയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ വനിത ഉള്‍പ്പെടെ മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി. പെണ്‍വാണിഭസംഘവുമായി ബന്ധമുള്ളവരാണ് പ്രതികളെന്ന് സിഐ സന്തോഷ്കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ബാലരാമപുരം സ്വദേശിനിയായ യുവതിയുടെ പരാതിയിന്മേല് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബാലരാമപുരം സ്വദേശി കുമാര്‍ എന്ന പെരുമാള്‍ ജവഹര്‍ (28), വെമ്പായം സ്വദേശിനി അശ്വതി (35), പേരൂര്‍ക്കട സ്വദേശി ലൈജു (31) എന്നിവരാണ് പിടിയിലായത്.
ഭര്‍തൃമതിയായ അവരുടെ ചിത്രം മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയാണ് കുമാര്‍ ആദ്യം പീഡിപ്പിച്ചത്. പിന്നീട് യുവതിയുടെ നഗ്നചിത്രം പകര്‍ത്തി ആണ്ടൂര്‍ക്കോണത്തും പേരൂര്‍ക്കട ഏണിക്കരയിലും കൊണ്ടുപോയി പീഡിപ്പിച്ചു. പെണ്‍വാണിഭ സംഘാംഗങ്ങളായ അശ്വതിയും ലൈജുവും കുമാറിനെ ഇക്കാര്യത്തില്‍ സഹായിച്ചതായും പോലീസ് പറയുന്നു. വാടകയ്ക്ക് വീടെടുത്താണ് അശ്വതി അനാശാസ്യകേന്ദ്രങ്ങള്‍ നടത്തിയിരുന്നത്.
ആണ്ടൂര്‍ക്കോണത്ത് നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് ഏണിക്കരയിലെത്തിയതെന്നും പോലീസ് ചൂണ്ടിക്കാട്ടി. രാത്രിയില്‍ സ്ഥിരമായി വാഹനങ്ങള്‍ വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഏണിക്കരയിലും നാട്ടുകാര്‍ ഈ സാമൂഹ്യവിരുദ്ധര്‍ക്ക് തലവേദനയായി. അതേസമയം, പൊള്ളലേറ്റ് കഴിയുന്ന തന്നെ സന്ദര്‍ശിക്കുവാനാണ് പലരും വരുന്നതെന്ന ന്യായീകരണവുമായി അശ്വതി നാട്ടുകാരുടെ മുന്നില്‍ പിടിച്ചുനിന്നു. ഇതിനിടയിലാണ് ബാലരാമപുരം പോലീസ് സ്റ്റേഷനില്‍ കുമാറിനെതിരെ അയല്‍വാസി പരാതി നല്‍കിയത്.
തുടര്‍ന്ന് തിരുവനന്തപുരം എസ്പിയുടെ നിര്‍ദേശപ്രകാരം നെയ്യാറ്റിന്‍കര ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പെണ്‍വാണിഭ സംഘത്തിലെ അംഗങ്ങള്‍ കൂടിയായ അശ്വതിയെയും സഹായി ലൈജുവിനെയും കുമാറിനെയും പിടികൂടിയത്. പെണ്‍വാണി ഭവുമായി ബന്ധപ്പെട്ട് അശ്വതിക്കെതിരെ മംഗലപുരം പോലീസ് സ്റ്റേഷനിലും കേസുള്ളതായി നെയ്യാറ്റിന്‍കര സി ഐ അറിയിച്ചു.