ആലപ്പുഴ: നെഹ്റു ട്രോഫി ബോട്ട് റേസിൽ കേരള പോലീസ് ടീമിന്റെ ക്യാപ്റ്റനായി സ്വകാര്യ വ്യക്തിയെ നിയമിച്ച നടപടിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കുട്ടനാട് സംരക്ഷണ ഏകോപന സമിതി ചെയർമാൻ കെ.ബി. വിനോദ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ടീം അംഗങ്ങളായ 150 ജീവനക്കാർക്ക് സംസ്ഥാന സർക്കാരിന്റെ ഖജനാവിൽനിന്ന് രണ്ടു കോടി രൂപ ശമ്പളമായി ചെലവഴിക്കേണ്ടിവരുന്നുണ്ട്.
പൊതുഖജനാവിലെ പണം ചെലവഴിച്ചുള്ള ടീമിന്റെ ക്യാപ്റ്റനെ വകുപ്പ് തലത്തിലുള്ളവർക്കു പകരം സ്വകാര്യവ്യക്തികളെ കണ്ടെത്തുന്നത് നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ച് പരസ്യം നൽകി വേണം.
ഇതുലംഘിക്കുക വഴി സർക്കാരിന്റെ കുറഞ്ഞത് മൂന്നുകോടി രൂപ നഷ്ടമാണ് ടീമിനുണ്ടായിട്ടുള്ളത്. ട്രാക്കും ഹീറ്റ്സും തെരഞ്ഞെടുക്കുമ്പോൾ ക്യാപ്റ്റന്റെ പേരും എൻടിബിആർ സൈറ്റിൽ രേഖപ്പെടുത്തുന്നത് തിരുത്താനും കഴിയില്ല.
നൂറുശതമാനം വിജയസാധ്യതയുള്ള ടീമിന്റെ ക്യാപ്റ്റനെ നിയമിക്കുമ്പോൾ കൂടുതൽ തുക നൽകാൻ തയാറുള്ളവരെ നിയമിക്കാതെ രഹസ്യമായി നടത്തുന്ന നിയമനത്തിനു പിന്നിലുള്ള ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി.
വ്യക്തത വരുത്തി ക്യാപ്റ്റനെ പ്രഖ്യാപിക്കണമെന്നും അടുത്ത വർഷം സ്വകാര്യവ്യക്തികളെ കണ്ടെത്തുമ്പോൾ കൂടുതൽ തുക ടീമിന് നൽകുന്ന വ്യക്തികൾക്ക് ക്യാപ്റ്റൻ പദവി നൽകണമെന്നും വിനോദ് ആവശ്യപ്പെട്ടു.