റാന്നി: തിരക്കേറിയ റാന്നി ഇട്ടിയപ്പാറയിൽ അനധികൃതമായി പ്രവർത്തിക്കുന്ന സുഗന്ധമുറുക്കാൻ കടകൾ പിഴ വാങ്ങി പ്രവർത്തിക്കാൻ അനുവദിക്കുന്ന എക്സൈസ് നടപടിക്കെതിരേ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രംഗത്ത്.
ഇട്ടിയപ്പാറ ബസ് സ്റ്റാൻഡ്, കോളജ് റോഡ്, പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാത എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പെട്ടിക്കടകളാണ് പഞ്ചായത്തിനും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടാകുന്നത്.
പൊതുനിരത്തിൽ തുപ്പുന്നതിന് നിരോധനമുള്ളപ്പോൾ തുപ്പൽ പ്രോത്സാഹിപ്പിക്കുന്നവയാണ് ഈ കടകൾ. ഇവയുടെ മറവിൽ നിരോധിത ലഹരി വസ്തുക്കളുടെ വില്പനയും നടക്കുന്നതായി പരാതിയുണ്ട്.
പെട്ടിക്കടകൾ അടപ്പിക്കാൻ പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, എക്സൈസ് ഓഫീസിൽ പലതവണ നിർദേശം നൽകിയിട്ടും, നിവേദനം നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് പറയുന്നു.
എക്സൈസുകാരെത്തി കടകളിൽ നിന്ന് 200 രൂപ പിഴ ഈടാക്കി പ്രവർത്തിക്കാൻ അനുവദിക്കുകയാണ് പതിവെന്നും പ്രസിഡന്റ് പറയുന്നു.