ഉണ്ടായിരുന്ന സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ച ദമ്പതികള്‍ പിടിയില്‍.
ഒരു കോടിരൂപ ഇവര്‍ മനുഷ്യക്കടത്ത് സംഘങ്ങള്‍ക്ക് നല്‍കിയെന്ന് പോലീസ് പറയുന്നു.
ദുബായ്-മെക്സിക്കോ റൂട്ട് വഴി നാലുവയസുള്ള മകള്‍ക്കൊപ്പം അമേരിക്കയിലേക്ക് കടക്കാനാണ് ഇരുവരും പദ്ധതിയിട്ടതെന്നും പോലീസ് പറയുന്നു.
ഗുജറാത്തിലെ ഖേദ ജില്ലയിലെ ദമ്പതിമാരായ ഹിതേഷും ബിനാല്‍ പട്ടേലുമാണ് പിടിയിലായത്. രാജ്യത്ത് നിന്ന് കടക്കാന്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ എത്തിയ സമയത്താണ് ഇരുവരെയും പിടികൂടിയത്.
വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് അമേരിക്കയിലേക്ക് കടക്കാനാണ് ഇരുവരും ശ്രമിച്ചത്. 30 വയസുകാരനായ ഹിതേഷ് കാര്‍ഷിക മേഖലയിലെ പ്രൊഫഷണലാണ്.
ഭാര്യ ബിനാല്‍ പട്ടേല്‍ അധ്യാപികയായിരുന്നു. ഇരുവരും സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചാണ് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ചതെന്നും പൊലീസ് പറയുന്നു.
നാലുവയസുള്ള മകള്‍ക്കൊപ്പം വിദേശത്ത് സ്ഥിരതാമസമാക്കാനായിരുന്നു ഇരുവരുടെയും പരിപാടി. ഇതിനായി മനുഷ്യക്കടത്ത് സംഘത്തില്‍പ്പെട്ടയാള്‍ക്ക് ഒരു കോടി രൂപയാണ് നല്‍കിയത്.
മെക്സിക്കോയില്‍ നിന്ന് അമേരിക്കന്‍ അതിര്‍ത്തി കടക്കുന്നതിന് സഹായിക്കാനാണ് ഒരു കോടി രൂപ നല്‍കിയതെന്നും പോലീസ് പറയുന്നു.
മുന്‍പും സമാനമായ രീതിയില്‍ ഇവര്‍ അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചിരുന്നു. കൈവശം വ്യാജ പാസ്പോര്‍ട്ടാണ് എന്ന് തിരിച്ചറിഞ്ഞ് അന്ന് ഇരുവരെയും അയര്‍ലന്‍ഡില്‍ നിന്ന് നാടുകടത്തുകയായിരുന്നു. മനുഷ്യക്കടത്തിനെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുമെന്നും പോലീസ് പറയുന്നു.