പയ്യന്നൂര്‍: ജ്വല്ലറിയുടമ ജ്വല്ലറി പൂട്ടാന്‍ മറന്നപ്പോള്‍ അര്‍ധരാത്രിയില്‍ പണികിട്ടിയത് പോലീസിന്.
തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തുനിന്നുള്ള സന്ദേശമെത്തിയപ്പോള്‍ പാഞ്ഞെത്തിയ പോലീസ് ഉടമയെ വിളിച്ച് ജ്വല്ലറി പൂട്ടിക്കുകയായിരുന്നു.
ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ പയ്യന്നൂര്‍ സെന്റ് മേരീസ് ജംഗ്ഷനിലെ സില്ഗോ സില്‍വര്‍ ഗോള്‍ഡിലാണ് സംഭവം. ജ്വല്ലറിയുടമ തായിനേരിയിലെ ഷെഫീഖിന് പറ്റിയ മറവിയാണ് പൊല്ലാപ്പായത്.
അര്‍ധരാത്രിയില്‍ പോലീസ് അടിയന്തിരമായി എത്തണമെന്ന് വിളിച്ചുപറഞ്ഞതിനെ തുടര്‍ന്ന് ജ്വല്ലറിയിലെത്തിയപ്പോള്‍ രണ്ടുവാഹനങ്ങളിലായി എത്തിയ പോലിസിനെ കണ്ട് ആദ്യമൊന്നമ്പരന്നു.
പിന്നീടാണ് രാത്രിയില്‍ വീട്ടിലേക്ക് പോകാന്‍ നേരത്ത് പറ്റിയ മറവി വില്ലനായ കഥ ഇയാള്‍ക്ക് ഓര്മ വന്നത്.
ജ്വല്ലറി പൂട്ടാനൊരുങ്ങിയപ്പോള്‍ മഴവന്നതിനാല്‍ ഷട്ടര്‍ താഴ്ത്തിയശേഷം മഴക്കോട്ട് ഇട്ട് സ്ഥാപനം പൂട്ടാതെ വീട്ടിലേക്ക് പോകുകയായിരുന്നു.
ജ്വല്ലറിയില്‍ രാത്രി കാവൽക്കാരൻ ഉണ്ടെങ്കിലും ഉടമയുടെ ഫോണ്‍ നമ്പറുണ്ടായിരുന്നില്ല. സംഭവം ശ്രദ്ധയില്‍പെട്ട വാച്ച്മാൻ പയ്യന്നൂര്‍ പോലീസ് സ്റ്റേഷന്റെ ഫോൺ നമ്പരറിയാത്തതിനാല് അടിയന്തിര സഹായത്തിനുള്ള 100ല്‍ വിളിക്കുകയായിരുന്നു.
ഇതാണ് തിരുവനന്തപുരത്തുനിന്നും വിളിയെത്താനും പോലീസ് ഉടനടി പാഞ്ഞെത്താനുമിടയാക്കിയത്. ഉടമ ജ്വല്ലറി പൂട്ടിയതോടെയാണ് പോലീസിനും സമാധാനമായത്.