മാങ്കാംകുഴി: അപകടത്തിൽപ്പെട്ട് റോഡിൽ രക്തം വാർന്ന് കിടന്ന അമ്മയ്ക്കും മകൾക്കും മാധ്യമ പ്രവർത്തകൻ രക്ഷകനായി.
കൊല്ലം-തേനി ദേശീയപാതയിൽ മാങ്കാംകുഴി ജംഗ്ഷന് താഴെ തഴക്കര പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം ഓട്ടോറിക്ഷയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ് രക്തം വാർന്ന്കിടന്ന സ്കൂട്ടർ യാത്രികരായ വെട്ടിയാർ കോട്ടയിൽ പടീറ്റതിൽ സുപ്രഭ (49) മകൾ പൂജ (22 ) എന്നിവരുടെ ജീവൻ രക്ഷിക്കാനാണ് മാധ്യമ പ്രവർത്തകനും പൊതുപ്രവർത്തകനുമായ നൗഷാദ് മാങ്കാംകുഴി രക്ഷകനായത്. കഴിഞ്ഞ ദിവസം സന്ധ്യയ്ക്ക് ഏഴോടെ ആയിരുന്നു അപകടം.
മാങ്കാംകുഴി ജംഗ്ഷന് സമീപത്തെ ബേക്കറിയിൽ നിന്നു സാധനങ്ങളും വാങ്ങി സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്നു സുപ്രഭയും മകളും.
ഇരുവരും സഞ്ചരിച്ച സ്കൂട്ടറിൽ അമിതവേഗത്തിൽ എതിരേ വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സുപ്രഭ സ്കൂട്ടറോടുകൂടി തലയടിച്ചു വീഴുകയും മകൾ പൂജ തലയടിച്ച് തെറിച്ചു വീഴുകയുമായിരുന്നു.
അപകടം നടന്ന ഭാഗത്ത് വഴിവിളക്ക് കത്താത്തതിനാൽ കൂരിരുട്ടായിരുന്നു. അപകടം നേരിൽ കണ്ട ദീപിക ലേഖകൻ കൂടിയായ മാധ്യമ പ്രവർത്തകൻ നൗഷാദ് മാങ്കാംകുഴി ഓടിയെത്തുകയും രക്തം വാർന്ന് കിടന്ന അമ്മയെയും മകളെയും നാട്ടുകാരായ സുഹൃത്തുക്കളുടെ സഹായത്തോടെ ഉടനെ ആശുപത്രയിൽ എത്തിക്കുകയുമായിരുന്നു.
ആശുപത്രിയിൽ എത്തിക്കാൻ റോഡിലൂടെ പോയ വാഹനങ്ങൾ തയാറകാത്തതിൽ ഇടിച്ചിട്ട ഓട്ടോറിക്ഷയിൽ തന്നെ ഇരുവരെയും കൊല്ലക്കടവിലെ സ്വകാര്യ ആശുപത്രയിൽ എത്തിക്കുകയായിരുന്നു.
തലയ്ക്കും കാലിനും പരിക്കേറ്റ രണ്ടുപേരും അപകടനില തരണം ചെയ്തു. കുറത്തികാട് പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലെത്തി.
എറണാകുളത്ത് ഐ ടി കമ്പനിയിലെ ജീവനക്കാരിയാണ് പരിക്കേറ്റ പൂജ. കൊല്ലം-തേനി ദേശീയപാതയിൽ മാങ്കാംകുഴി ജംഗ്ഷൻ മുതൽ-നാലുമുക്ക് വരെയുള്ള പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ മിക്ക വഴി വിളക്കുകളും കത്താറില്ലന്ന് നാട്ടുകാർ പറയുന്നു.