കൊച്ചി: സ്കൂൾ വിദ്യാർഥിയെ നാഗാലാൻഡ് സ്വദേശി അക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും.
ഇയാൾക്ക് കുട്ടിയെ മുൻ പരിചയം ഉണ്ടായിരുന്നോ, ഇയാൾ ഇവിടെ എത്താനുള്ള സാഹചര്യം എന്താണ് എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കടവന്ത്ര പോലീസ് ഇൻസ്പെക്ടർ ബൈജു കെ. ജോസ് പറഞ്ഞു.
സ്കൂളിലെ ഓണാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഏഴാം ക്ലാസുകാരനുനേരേ ഇന്നലെ ഉച്ചയ്ക്ക് നാഗാലാൻഡ് സ്വദേശിയായ ആബേലാ(28)ണ് അതിക്രമം കാട്ടിയത്.
ഇയാളെ പോലീസ് അറസ്റ്റു ചെയ്തു പിന്നീട് ജാമ്യത്തിൽ വിട്ടു. പൊന്നുരുന്നിയിലെ ഒരു ചൈനീസ് റസ്റ്റോറന്റിലെ ജോലിക്കാരനാണ് ഇയാൾ.
പൊന്നുരുന്നി ഓവർ ബ്രിഡ്ജിന് സമീപത്തായിരുന്നു സംഭവം. തമ്മനം സ്വദേശിയായ വിദ്യാർഥി റെയിവേ പാളം മുറിച്ചുകടന്നാണ് സ്കൂളിലേക്ക് എത്തിയിരുന്നത്.
ഇന്നലെ സ്കൂളിൽനിന്ന് മടങ്ങുന്പോൾ റെയിൽവേ പാളത്തിന് സമീപമുണ്ടായിരുന്ന പ്രതി വിദ്യാർഥിയെ കടന്നുപിടിച്ചു.
ഇയാളുടെ പിടിയിൽ നിന്ന് കുതിറിമാറിയ കുട്ടി ഓടി സ്കൂളിലെത്തി അധ്യാപകരോട് വിവരം പറഞ്ഞു.
സ്കൂൾ അധികൃതർ വിളിച്ചറിയിച്ചതിനെതുടർന്ന് വിവിഐപി ഡ്യൂട്ടിക്കിടെ പോലീസ് സംഘം സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
സംഭവത്തിൽ വിദ്യാർഥിയുടെ മാതാപിതാക്കളും സ്കൂൾ അധികൃതരും പോലീസിന് പരാതി നൽകി.