റാന്നി: മകളെ ഉപദ്രവിച്ചതു വിലക്കിയ പിതാവിനെ ഹെൽമറ്റ് കൊണ്ട് അടിച്ചു പരിക്കേൽപിച്ച മരുമകനെ പോലീസ് അറസ്റ്റ് ചെയ്തു.
എറണാകുളം കുന്നത്തൂർ ഐരാപുരം വളയം ചിറയിൽ താമസിക്കുന്ന ജിഷ്ണു തമ്പി(25)യാണ് റാന്നി പോലീസിന്റെ പിടിയിലായത്.
പഴവങ്ങാടി അടിച്ചിപ്പുഴ തെമ്പാവുമ്മൂട്ടിൽ അശോകനാണ് മകളുടെ ഭർത്താവായ ജിഷ്ണുവിന്റെ മർദനമേറ്റത്.
ഓഗസ്റ്റ് 30നു വൈകുന്നേരം റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ കൺസൾട്ടിംഗ് മുറിക്കടുത്താണ് സംഭവം. കുഞ്ഞിന് സുഖമില്ലാതെ ഡോക്ടറെ കാണിക്കാൻ ഭാര്യയും, ഭാര്യാപിതാവും എത്തിയസമയം, മുറിക്കു പുറത്ത് നിന്ന ഭാര്യാപിതാവിനെ അസഭ്യം പറഞ്ഞു ജിഷ്ണു മർദിച്ചെന്നാണ് കേസ്.
നേരത്തെ മകളെ ഇയാൾ ഉപദ്രവിച്ചപ്പോൾ തടഞ്ഞതിന്റെ വിരോധത്തിലായിരുന്നു മർദനമെന്ന് പറയുന്നു.
സംഭവശേഷം ഒളിവിൽ പോയ ജിഷ്ണു പോലീസിന് കബളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും റാന്നി പോലീസ് ഇൻസ്പെക്ടർ എം.ആർ. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം തന്ത്രപരമായി ഇയാളെ കുടുക്കുകയായിരുന്നു.