ചെറുതോണി: വൈദ്യുതി ബോർഡിലെ ട്രാൻസ്ഫോർമർ മോഷണം നടത്തിയ മൂന്നു പേരെ മുരിക്കാശേരി പോലീസ് അറസ്റ്റു ചെയ്തു.
വാത്തിക്കുടി പഞ്ചായത്തിലെ ദൈവംമേട് സ്വദേശികളായ പുന്നമറ്റത്തിൽ സെബിൻ (30), കാരികുന്നേൽ തോമസ് (49), മറ്റപ്പിള്ളിൽ ബിനു (48) എന്നിവരെയാണ് മുരിക്കാശേരി എസ്ഐ എൻ.എസ്. റോയി, അഡീഷണൽ എസ്ഐ സാബു തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്.
മുരിക്കാശേരി കെഎസ്ഇബി സെക്ഷൻ ഓഫീസിലെ അസി. എക്സിക്യൂട്ടീവ് എൻജിനിയർ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ട്രാൻസ്ഫോർമർ കടത്താനുപയോഗിച്ച പിക്കപ്പ് വാനും പിടിച്ചെടുത്തു.
ട്രാൻസ്ഫോർമർ ഇളക്കിയെടുക്കുന്നതിന് കിണറിൽനിന്നു വെള്ളം കോരാൻ ഉപയോഗിക്കുന്ന കപ്പി പ്രതികൾ കടയിൽനിന്നു വാങ്ങിയിരുന്നു.
മോഷണത്തിനു ശേഷം പ്രതികൾ ഈ കപ്പി സംഭവസ്ഥലത്ത് ഉപേക്ഷിച്ചിരുന്നു. ഇതിലുള്ള കോഡുനമ്പർ ഉപയോഗിച്ചു നടത്തിയ അന്വേഷണമാണ് കേസന്വേഷണത്തിനു വഴിത്തിരിവായത്.
ദൈവംമേട്ടിൽ പ്രവർത്തിച്ചിരുന്ന ഒരു പാറമടയ്ക്കു വേണ്ടി വൈദ്യുതി ബോർഡ് അനുവദിച്ചതാണ് ട്രാൻസ്ഫോർമർ. പാറമട നിർത്തിപ്പോയെങ്കിലും വൈദ്യുതി ബോർഡ് ട്രാൻസ്ഫോർമർ തിരികെ കൊണ്ടുപോയില്ല.
ട്രാൻസ്ഫോർമർ പൊളിച്ചാൽ അതിനുള്ളിൽ ലക്ഷങ്ങൾ വിലയുള്ള ചെമ്പുകമ്പിയും കോയിലും കിട്ടുമെന്നു പ്രതികളെ ആരോ തെറ്റിദ്ധരിപ്പിച്ചിരുന്നു.
ഇതനുസരിച്ച് മോഷ്ടിച്ച ട്രാൻസ്ഫോർമർ രാത്രി തന്നെ പിക്കപ്പ് വാനിൽ ഒന്നാം പ്രതിയുടെ വീട്ടിലെത്തിച്ച് പൊളിച്ചപ്പോൾ കോയിലും അലൂമിനിയം കമ്പികളും മാത്രമാണുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.