സ്വന്തം ലേഖകൻ
തൃശൂർ: ഒാണാഘോഷത്തിലെ സഹനക്കണ്ണീരിന്റെ കഥ പറയുന്ന ഹ്രസ്വ ചിത്രം യുട്യൂബിൽ ഹിറ്റാണെങ്കിലും സംവിധായകൻ തെരുവിൽ ഒാണക്കച്ചവടത്തിന്റെ തിരക്കിലാണ്.
മുനിസിപ്പൽ ഓഫീസ് റോഡിൽ ഇലക്ട്രോണിക്സ് ഉപകരണ വില്പന നടത്തുന്ന ഗിരി തൃശൂർ സ്ക്രിപ്റ്റും സംവിധാനവും ചെയ്ത “മൂന്നാം ഒാണം’ ആണ് വൈറലായിരിക്കുന്നത്.
ഓണവിഭവങ്ങളൊരുക്കുന്ന തിരക്കിൽ അടുക്കളയിൽ ഒറ്റപ്പെട്ടുപോകുന്ന വീട്ടമ്മമാരുടെ സഹനക്കണ്ണീർ ഒാർമിപ്പിക്കുന്നതാണ് മൂന്നാം ഒാണം. ഇൗ ഒാണക്കാലത്താണ് ഹ്രസ്വചിത്രം യുട്യൂബിൽ റിലീസ് ചെയ്തത്.
തിരുവോണ ദിവസം രാവിലെ മുതലാണ് ചിത്രം ആരംഭിക്കുന്നത്. അന്നേദിവസം അതിരാവിലെതന്നെ വീട്ടുപണികളിൽ മുഴുകുന്ന വീട്ടമ്മയാണ് കേന്ദ്ര കഥാപാത്രം.
അവരുടെ പിറന്നാളും തിരുവോണ ദിവസമാണെങ്കിലും ആരും അത് ഒാർമിക്കുന്നില്ല. അടുക്കളപ്പണികളിൽ ഏർപ്പെട്ട അമ്മയുടെ ബുദ്ധിമുട്ടുകൾ അച്ഛൻ മനസിലാക്കുന്നുണ്ടെങ്കിലും അദ്ദേഹവും സഹായത്തിനെത്തുന്നില്ല.
മിക്കവാറും വീടുക ളിലെയും സഹനനൊന്പരങ്ങൾ വരച്ചുകാട്ടുന്നതാണ് ഒാരോ ദൃശ്യങ്ങളും.ചിത്രത്തിലുടനീളം മാവേലി നാടുവാണീടും കാലം എന്നു തുടങ്ങുന്ന പ്രശസ്തഗാനം പശ്ചാത്തലസംഗീതമായി ഉപയോഗിച്ചിരിക്കുന്നു.
ജിജെ എന്റർടെയ്ൻമെന്റ് സിന്റെ ബാനറിലാണ് ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. കാമറ – അൻസാർ, വിവേക്. പിആർഒ ജിജു പള്ളിപ്പുറം, എഡിറ്റിംഗ്- ജിജെ എന്റർടെയ്ൻമെന്റ്സ്. കവിത, ലെമി, വിചിത്ര, ദിയകൃഷ്ണ, സുരേഷ്, പ്രവീൺ, ബിനുരാജ്, ജിജു തുടങ്ങിയവ രാണ് അഭിനേതാക്കൾ.