തിരുവനന്തപുരം: കോവിഡ് ഉയർത്തിയ വെല്ലുവിളികളെ അതിജീവിച്ച് ആഘോഷപ്പൊലിമയുടെ ഓണാവേശത്തിനായി കാത്തിരിക്കുന്ന മലയാളിയുടെ മനസിൽ ആശങ്കയുടെ കാർമേഘങ്ങൾ നിറച്ച് കാലാവസ്ഥാ മുന്നറിയിപ്പ്.
ഉത്രാടം വരെ സംസ്ഥാനത്ത് വ്യാപകമ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിലവിലെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലും ബുധനാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കാലാവസ്ഥാ മുന്നറിയിപ്പ് എത്തിയതോടെ ഓണമൊരുങ്ങിത്തുടങ്ങിയവരും വ്യാപാരികളും ഒരേ ആശങ്കയിലാണ്. വഴിയോര കച്ചവടക്കാരാണ് പ്രധാനമായും മഴ മൂലം ദുരിതത്തിലായിരിക്കുന്നത്. വൈകുന്നേരങ്ങളിൽ പെയ്യുന്ന മഴയാണ് കച്ചവടക്കാരെ വലയ്ക്കുന്നത്.