കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ പ്രതികൾ വൻ കുഴൽപ്പണ ഇടപാടും നടത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
കേസിൽ റിമാൻഡിലായി പോലീസ് കസ്റ്റഡിയിൽ വാങ്ങിയ ബേപ്പൂർ സ്വദേശി അബ്ദുൽഗഫൂര്‍, പൊറ്റമ്മൽ സ്വദേശി കൃഷ്ണപ്രസാദ് എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ഇതുസംബന്ധിച്ച വിവരങ്ങൾ സി ബ്രാഞ്ചിന് ലഭിച്ചത്.
സാന്പത്തിക ഇടപാടുകൾ
കേസിലെ മുഖ്യസൂത്രധാരൻ മൂരിയാട് സ്വദേശി പി.പി.ഷബീറിന്റെ പണമിടപാടുകള്‍ സംബന്ധിച്ച സുപ്രധാന വിവരങ്ങളും പ്രതികളിൽനിന്ന് ലഭിച്ചു.
വിവിധ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് വിദേശ രാജ്യങ്ങളില്‍ നിന്നടക്കം വൻസാമ്പത്തിക ഇടപാടുകൾ നടത്തിയതായാണ് കണ്ടെത്തിയത്. ഇതുസംബന്ധിച്ച് എൻഫോഴ്സ്മെന്റ് വിഭാഗവും അന്വേഷണം ആരംഭിച്ചു.
കുഴൽപ്പണം
വിവിധ രാജ്യങ്ങളില്‍നിന്നുള്ള പണം ദുബൈയിലെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയും അത് കുഴല്‍പണമായി എത്തിച്ച് അവരുടെ ഇന്ത്യയിലെ ഏജന്റുകള്‍ക്ക് അവരുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയുമാണ് ചെയ്തിരുന്നത്.
ഇത്തരത്തില്‍ 2017-മുതല്‍ ഷബീറിന് പണം ലഭിച്ചതായാണ് വിവരം. ഈ പണം റിസോർട്ട് ഉൾപ്പെടെ വിവിധ മേഖലകളില്‍ നിക്ഷേപിച്ചതായും വിവരം ലഭിച്ചു.
ദേശസുരക്ഷയെ ബാധിക്കുന്ന തരത്തിൽ അന്താരാഷ്ട്ര മാർഗ നിർദേശങ്ങൾക്ക് വിരുദ്ധമായി സമാന്തരമായി തങ്ങളുടെ ആശയവിനിമയ ഇടനാഴി സൃഷ്ടിച്ച് വിവിധ രാജ്യങ്ങൾ തമ്മിൽ അനധികൃത ആശയ വിനിമയത്തിന് അവസരമൊരുക്കുകയാണ് പ്രതികൾ ചെയ്തത്.