കോട്ടയം: കായ ഉപ്പേരി ഒഴിച്ചുള്ള ഓണസദ്യ മലയാളിക്ക് ആലോചിക്കാനാകില്ല. ശുദ്ധമായ വെളിച്ചെണ്ണയിൽ വറുക്കുന്ന നാടൻകായ ഉപ്പേരിക്ക് ഡിമാൻഡ് ഏറെയാണ്.
എന്നാൽ കായയുടെയും വെളിച്ചെണ്ണയുടെയും വില വർധിച്ചതു മൂലം ഇത്തവണ ഉപ്പേരിക്ക് വില അൽപം കൂടുതലാണ്. കിലോക്ക് 380 രൂപയാണ്.
നാടൻകായക്ക് വിപണിയിൽ 80 രൂപവരെയാണ് കിലോക്ക്. വയനാടൻ പച്ചക്കായക്ക് കിലോക്ക് 62 രൂപയാണ്. കഴിഞ്ഞവർഷം 50 രൂപയിൽ കിടന്ന ഏത്തക്കായുടെ വില ഇത്തവണ കിലോയ്ക്ക് 65 രൂപയാണ്.
നാടൻ കുലകൾ ലഭിക്കാനില്ലാത്തതാണ് വില വർധിക്കാൻ കാരണം. പ്രാദേശികമായി ആവശ്യത്തിന് എത്തവാഴക്കുലകൾ ലഭിക്കാതായതോടെ മൈസൂർ, വയനാട് എന്നിവിടങ്ങളിൽ നിന്നാണ് കുല കൂടുതലും എത്തുന്നത്.
ശർക്കരയുടെ വിലയിലുണ്ടായ വ്യത്യാസവും ശർക്കര വരട്ടിക്ക് വില ഉയരാൻ കാരണമായി. ശർക്കരവരട്ടിക്കും 380 രൂപയാണ്. ചക്ക ചിപ്സ്, അരിപ്പൊടി ഉപയോഗിച്ചുണ്ടാക്കുന്ന കളിയടക്ക (ചീട) തുടങ്ങിയ വിഭവങ്ങളും ഓണവിപണിയിൽ ആവശ്യക്കാർക്കായി ഒരുങ്ങിയിട്ടുണ്ട്.
അത്തം മുതൽ വിപണി സജീവമാണ്. വീട്ടാവശ്യങ്ങൾക്കും ബന്ധുക്കൾക്ക് ഓണസമ്മാനം നൽകുന്നതിനുമായിട്ടാണ് ആളുകൾ കൂടുതലായും വാങ്ങുന്നത്.
ഓണമടുത്തതോടെ നഗരത്തിലെയും ഉൾപ്രദേശങ്ങളിലേയും വഴിയോരങ്ങളിൽ ശർക്കരവരട്ടി, ഉപ്പേരി എന്നിവയുമായി ചെറുകിടവിൽപനക്കാരും വഴിയോര കച്ചവടക്കാരും നിലയുറപ്പിച്ചിട്ടുണ്ട്.