പറവൂർ: ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പറവൂർ പോലീസ് കേസെടുത്തു.
ഓട്ടോ ഡ്രൈവറായ പറവൂത്തറ ഐക്കത്തറ രഞ്ജിത്തിന്റെ ഭാര്യ അമല (24) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
പലതവണ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ രഞ്ജിത്തിന്റെ പിതാവ് അശോകൻ ഉളി ഉപയോഗിച്ചു വാതിൽ കുത്തിത്തുറന്നപ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ അമലയെ കണ്ടെത്തുകയായിരുന്നു.
ഉടൻ രഞ്ജിത്തിനെ വിളിച്ചുവരുത്തി ഓട്ടോറിക്ഷയിൽ താലൂക്ക് ആശുപ്രതിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭർതൃവീട്ടുകാരുടെ മാനസിക പീഡനമാണു മരണത്തിനു കാരണമെന്നു യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.
തിരുവനന്തപുരം വള്ളക്കടവ് കാരാളി അനന്തപുരി ആശുപത്രിക്കു സമീപം സരസ്വതി വിലാസത്തിൽ വിജയകുമാർ- രാജേശ്വരി ദന്പതികളുടെ മകളാണ് അമല.
2020 ഓഗസ്റ്റ് 24നായിരുന്നു ഇവരുടെ വിവാഹം. അമലയുടെ അമ്മയുടെ സഹോദരിയുടെ മകൾ പറവൂത്തറയിൽ താമസിക്കുന്നുണ്ട്.
ഇവർ വഴിയാണു വിവാഹാലോചന വന്നത്. ഇരുവീട്ടുകാരും കണ്ട് ഉറപ്പിച്ചശേഷം നടത്തിയ വിവാഹമായിരുന്നു.
അമലയെ സ്വന്തം വീട്ടിലേക്കു വിടാൻ അനുവദിക്കാറില്ലെന്നും ഫോണ് വിളിക്കാൻ സമ്മതിക്കില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
എല്ലാവരുടെയും മുന്നിൽ വച്ച് ലൗഡ് സ്പീക്കറിൽ ഇട്ടാണ് ഫോണിൽ സംസാരിച്ചിരുന്നത്. അതു റെക്കോർഡ് ചെയ്യുകയും ചെയ്തിരുന്നു.
മൂന്നു മാസം ഗർഭിണിയായ വിവരം മാതാപിതാക്കളിൽനിന്നു പോലും മറച്ചു വച്ചെന്നും മരണശേഷമാണ് ഇക്കാര്യം അറിയുന്നതെന്നും ബന്ധുക്കൾ പോലീസിന് മൊഴി നൽകി.
മുൻപു രണ്ടു തവണ അമലയുടെ ഗർഭം അലസിയതിനാൽ ദൂരയാത്ര ചെയ്യുന്പോൾ പ്രശ്നമാകുമെന്നു കരുതിയാണു തിരുവനന്തപുരത്തെ വീട്ടിലേക്കു വിടാതിരുന്നതെന്നാണു രഞ്ജിത്തിന്റെ വീട്ടുകാർ പറയുന്നതെന്നു പോലീസ് പറഞ്ഞു.
അമലയും രഞ്ജിത്തും അച്ഛൻ അശോകനും അമ്മ ബിന്ദുവുമൊരുമിച്ചാണ് താമസിച്ചിരുന്നത്. മൃതദേഹത്തിൽ മറ്റു മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ല. വീട്ടിൽനിന്നു കുറിപ്പുകളും ലഭിച്ചിട്ടില്ല.
സംഭവത്തിൽ അമലയുടെ വീട്ടുകാർ വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. മരണത്തിലേക്കു നയിച്ച കാരണമറിയാൻ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നു പോലീസ് പറഞ്ഞു.
എറണാകുളം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം മൃതദേഹം തിരുവനന്തപുരത്തു സംസ്കരിച്ചു.