പത്തനംതിട്ട: നായയുടെ കടിയേറ്റ് ആശുപത്രിക്കിടക്കയിലായിരിക്കുമ്പോഴും അഭിരാമി ഏറെ പ്രതീക്ഷിച്ചു. ഓണപ്പരീക്ഷ, ഓണാവധി തുടങ്ങി വരാനിരിക്കുന്ന നല്ല ദിനങ്ങളെക്കുറിച്ചു മാത്രമായിരുന്നു ചിന്ത.
മൈലപ്ര എസ്എച്ച് സ്കൂളിലെ ഏഴാംക്ലാസ് ബി ഡിവിഷനിലെ വിദ്യാര്‍ഥിനിയായ അഭിരാമിയെ നായ കടിച്ചതറിഞ്ഞ് കഴിഞ്ഞ ഓഗസ്റ്റ് 14നാണ് പ്രഥമാധ്യാപകന് സജി സാറിനൊപ്പം ക്ലാസ് ടീച്ചര്‍ മഞ്ജു വര്‍ഗീസ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തുന്നത്.
പ്രിയപ്പെട്ട കുട്ടി
മുഖത്തേറ്റ കടി കുട്ടിക്ക് അന്നേ ഏറെ ശാരീരിക അസ്വസ്ഥകള്‍ക്കു കാരണമായിരുന്നു. ആശുപത്രിയില്‍ എത്തിയ അധ്യാപകരോട് അഭിരാമി സംസാരിച്ചു.
ഓണപ്പരീക്ഷയെക്കുറിച്ചു പറഞ്ഞു. ചോദ്യപേപ്പര്‍ തരണമെന്നും വീട്ടിലിരുന്ന് എഴുതിക്കൊള്ളാമെന്നും പറഞ്ഞു.
ക്ലാസിലെ ലീഡറായ അഭിരാമി എന്നും അധ്യാപകര്‍ക്ക് പ്രിയപ്പെട്ട കുട്ടിയായിരുന്നുവെന്ന് മഞ്ജു ടീച്ചര്‍ പറയുന്നു.
ലീഡർ
അധ്യാപകര്‍ ക്ലാസിലെത്താന്‍ താമസിച്ചാല്‍ ക്ലാസിന്റെ നേതൃത്വം വേഗത്തില്‍ ഏറ്റെടുക്കും. അധ്യാപകര്‍ ക്ലാസില്‍ വന്നാല്‍ ഗുഡ്മോ്ണിംഗും ആശംസിച്ചാണ് തന്റെ സീറ്റിലവള്‍ പോയി ഇരിക്കുക.
പഠിക്കാനും പാഠ്യേതര വിഷയങ്ങളിലും ഒരു പോലെ മികവ് പുലര്‍ത്തിയിരുന്ന കുഞ്ഞാണ്.
എല്ലാവരോടും സംസാരിക്കുന്ന കുട്ടി
സ്പോര്‍ട്സിനോടായിരുന്നു അഭിരാമിക്ക് ഏറെ താല്പര്യം. ഓടാനും ചാടാനുമെല്ലാം അതീവ താല്പര്യം കാണിച്ചിരുന്നു. എപ്പോഴും ഊര്‍ജ്വസ്വലയായ,എല്ലാവരോടും സംസാരിക്കുന്ന കുട്ടി.
ഒരു അധ്യാപിക ഒരു ദിവസം വരാതിരുന്നാല്‍ എന്തുപറ്റി ടീച്ചറെ വല്ലായ്ക വല്ലതുമാണോയെന്ന് തിരക്കിയിരുന്ന അപൂര്‍വം വിദ്യാര്‍ഥിനികളിലൊരാളായിരുന്നു അഭിരാമി.
അഞ്ചാം ക്ലാസിലാണ് ഈ സ്കൂളിലേക്ക് പഠിക്കാനായി എത്തുന്നത്.
ക്ലാസില്‍ മുപ്പത്തിയെട്ട് കുട്ടികളാണുണ്ടായിരുന്നത്. അതിലൊരാള്‍ ഇനിയില്ല. ഇതോര്‍ക്കുമ്പോള്‍ അധ്യാപകര്‍ക്കും സങ്കടം സഹിക്കാനാകുന്നില്ല.