കോട്ടയം: കോട്ടയം വടവാതൂരില്നിന്നു നിരോധിത പുകയില ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന യന്ത്രവും നിരോധിത പുകയില ഉത്പന്നങ്ങളും വിദേശ മദ്യവും എക്സൈസ് സംഘം പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് വിജയപുരം തടത്തിപ്പറമ്പില്‍ സരുണ്‍ (30) എന്നയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. യന്ത്രത്തിനു മൂന്നു ലക്ഷം രൂപ വിലവരും.
20 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. 12 കുപ്പികളിലായി സൂക്ഷിച്ചിരുന്ന എട്ടു ലിറ്റര്‍ വിദേശ മദ്യവും പിടിച്ചെടുത്തു.
ഇയാള്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വിതരണത്തിന് ഉപയോഗിച്ചിരുന്ന കാറും പിടിച്ചെടുത്തു.രണ്ടാഴ്ചയോളമായി കോട്ടയം വടവാതൂര്‍ എംആര്‍എഫ് ഫാക്ടറി റോഡില്‍ വടവാതൂര്‍ അയ്യപ്പ ക്ഷേത്രത്തിനു സമീപം വാടക വീട്ടിലാണ് സരുണ്‍ താമസിച്ചിരുന്നത്.
ഈ വീട്ടില്‍ യന്ത്രം സ്ഥാപിച്ച ശേഷം നിരോധിത പുകയില ഉത്പന്നങ്ങള്‍ നിര്‍മിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് എക്സൈസ് സംഘത്തിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇന്നലെ എക്സൈസ് ഇന്റലിജന്‍സും എക്സൈസ് കമ്മീഷണര്‍ സ്ക്വാഡും പാമ്പാടി എക്സൈസ് റേഞ്ച് സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്.
റെയ്ഡില്‍ ജില്ലാ അസിസ്റ്റന്റ് കമ്മീഷണർ ആര്. രാജേഷ്, എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ വൈശാക് വി.പിള്ള, അല്‍ഫോണ്‍സ് ജേക്കബ്, പി.ജെ. ടോംസി, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഫിലിപ്പ് തോമസ്, പാമ്പാടി റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ സജീവ് എം.ജോണ്‍, പ്രിവന്റീവ് ഓഫീസര്‍ ആനന്ദ് രാജ്, ടി.കെ. മനോജ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അഭിലാഷ്, പ്രവീണ്‍കുമാര്‍, അഖില്‍ എസ്.ശേഖര്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സിനി ജോണ്‍, ഡ്രൈവര്‍ സോജി എന്നിവര്‍ പങ്കെടുത്തു.