കഴിഞ്ഞ ദിവസം രാത്രി പാറ്റ്ന മെഡിക്കല്‍ കോളജില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് കണ്ടത് കാഴ്ച ഒരു ഒന്നൊന്നര കാഴ്ചയായിരുന്നു.
ബെഡൊക്കെ നിവര്‍ത്തി, കൊതുകവല വിരിച്ച് ആശുപത്രിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് കിടക്കാനുള്ള ഒരുക്കത്തിലായിരുന്നു,ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിലെത്തിയപ്പോഴാണ് ഈ കാഴ്ച കണ്ടത്.
സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായി തലസ്ഥാനത്തെ ആശുപത്രികളിലെ അവസ്ഥ നേരിട്ടുകാണുന്നതിനായിട്ടാണ് തേജസ്വി പാറ്റ്ന മെഡിക്കല്‍ കോളേജിലെത്തിയത്.
മെഡിക്കല്‍ കോളേജിലെ അനാസ്ഥയെ കുറിച്ച് നിരവധി പരാതികള്‍ ആരോഗ്യ മന്ത്രി കൂടിയായ തേജസ്വി യാദവിന് ലഭിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് അദ്ദേഹം ചൊവ്വാഴ്ച രാത്രിയില്‍ ആശുപത്രിയിലെത്തിയത്. അനാസ്ഥ നേരിട്ട് മനസ്സിലാക്കിയ തേജസ്വി ഉത്തരവാദിത്തപ്പെട്ടവര്‍ ഉറങ്ങുകയാണോ എന്ന് കൂടെയുള്ളവരോട് ചോദിച്ചുകൊണ്ട് സൂപ്രണ്ടിന്റെ ഓഫീസിലേക്ക് പോയി.
ഗാര്‍ഡ് ഓഫീസിന്റെ വാതില്‍ തുറന്നപ്പോള്‍ മന്ത്രി ഞെട്ടി, ആശുപത്രിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് ഉറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു.
ആശുപത്രിയിലെ ശുചിത്വവും മറ്റ് കാര്യങ്ങളും ഉള്‍പ്പെടെയുള്ള അവസ്ഥയില്‍ തേജസ്വി യാദവ് അതൃപ്തി പ്രകടിപ്പിച്ചു.
അദ്ദേഹം വാര്‍ഡുകള്‍ സന്ദര്‍ശിച്ചപ്പോള്‍, രോഗികളും അവരുടെ കൂട്ടിയിരിപ്പുകാരും മരുന്നുകളുടെ ലഭ്യതക്കുറവ് മുതല്‍ വൃത്തിഹീനമായ കക്കൂസുകള്‍ വരെയുള്ള പരാതികള്‍ മുന്നോട്ടുവച്ചു.
മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിന് പകരം ഇടനാഴിയില്‍ ഒരു മൃതദേഹം കിടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. തെരുവ് മൃഗങ്ങള്‍ യഥേഷ്ടം ആശുപത്രിയില്‍ കയറി ഇറങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം.
ശുചിമുറികള്‍ വൃത്തിഹീനമാണ്. വാതിലുകളില്ല. ആശുപത്രിക്ക് പുറത്ത് പണം നല്‍കിയാണ് സ്ത്രീകള്‍ കക്കൂസുകളും മറ്റും ഉപയോഗിക്കുന്നത്.
ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ ആശുപത്രിയിലെ ഫാര്‍മസിയില്‍ ലഭ്യമല്ലെന്നും പുറത്തുനിന്ന് വാങ്ങണമെന്നും രോഗികള്‍ മന്ത്രിയോട് പറഞ്ഞു.
ഒരു മുതിര്‍ന്ന ഡോക്ടര്‍ പോലും തേജസ്വി സന്ദര്‍ശനം നടത്തുമ്പോള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. മെഡിക്കല്‍ കോളേജ് അടക്കം പാറ്റ്നയിലെ മൂന്ന് സര്‍ക്കാര്‍ ആശുപത്രികളിലാണ് തേജസ്വി കഴിഞ്ഞ രാത്രിയില്‍ മിന്നില്‍ സന്ദര്‍ശനം നടത്തിയത്.
ആശുപത്രികളിലെ ഡ്യൂട്ടി റോസ്റ്ററും മറ്റും ഉണ്ടായിരുന്നില്ലെന്നും നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയതായും സന്ദര്‍ശന ശേഷം തേജസ്വി മാധ്യമങ്ങളോട് പ്രതികരിച്ചു.
എല്ലാത്തിനും പരിഹാരം ഉണ്ടാക്കും ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്ന് വിശദീകരണം തേടി നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.