കോട്ടയം: തെരുവുനായയുടെ കടിയേറ്റ് റാന്നി സ്വദേശിനിയായ അഭിരാമി മരിച്ച സംഭവത്തില്‍ പെൺകുട്ടിക്ക് നൽകിയ വാക്സിൻ ഫലപ്രദമായിരുന്നുവെന്ന് നിഗമനം.
കുട്ടിയുടെ ശരീരത്തിൽ മികച്ച രീതിയിൽ ആന്റിബോഡി സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് പരിശോധനാഫലം പുറത്തുവന്നു. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫലമാണ് ലഭിച്ചത്.
ഓഗസ്റ്റ് 13നായിരുന്നു അഭിരാമിയെ വീടിന് സമീപത്തുവച്ച് നായ കടിച്ചത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അഭിരാമിയുടെ പിന്നാലെ എത്തി നായ കൈകാലുകളിലും മുഖത്തും വലതുകണ്ണിനോട് ചേര്‍ന്നഭാഗത്തും കടിക്കുകയായിരുന്നു.
പേപ്പട്ടി വിഷബാധയ്ക്കുള്ള വാക്സീന്റെ മൂന്ന് കുത്തിവയ്പ്പ് എടുത്തെങ്കിലും കുട്ടിയുടെ ആരോഗ്യനില വഷളായിരുന്നു. കുട്ടിയുടെ സ്രവങ്ങള്‍ പുണെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു.